kozhikode local

മെഡിക്കല്‍ കോളജില്‍ ദുരിതം പേറി രോഗികള്‍; ലിഫ്റ്റുകള്‍ നിശ്ചലം

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാത്തത് രോഗികളെ വലയ്ക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞവരും ശസ്ത്രക്രിയക്കായി പോവുന്നവരും ഇതു മൂലം ദുരിതമനുഭവിക്കുകയാണ്. റാമ്പു വഴിയാണ് ഇവരെ അതതു കേന്ദ്രങ്ങളിലെത്തിക്കുന്നത്. എന്നാല്‍ റാമ്പും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. രോഗികളെയും കൊണ്ട് സഹായികള്‍ക്ക് ഓരോ നിലയിലേക്കും ഏറെ യാത്ര ചെയ്യേണ്ടിവരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രധാന ബ്ലോക്കില്‍ 12 ലിഫ്റ്റുകളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോംപ്ലക്‌സില്‍ നാലു ലിഫ്റ്റുകളുമാണുള്ളത്. ഇതില്‍ ഭൂരിഭാഗവും പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായി. അറ്റകുറ്റപ്പണിക്കായി സാധനങ്ങള്‍ ഇറക്കിവച്ചിട്ടു വര്‍ഷങ്ങള്‍ പിന്നിടുന്നു. അറ്റകുറ്റപ്പണിക്ക് ആളെ കിട്ടുന്നില്ലെന്നും പഴയ ബ്ലോക്കിലുള്ള ലിഫ്റ്റുകള്‍ മാറ്റണമെങ്കില്‍ കെട്ടിടം തുരക്കണമെന്നതിനാല്‍ സാങ്കേതിക തടസമുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
പ്രധാന ബ്ലോക്കിലെ ലിഫ്റ്റുകള്‍ ആശുപത്രി തുടങ്ങിയ കാലത്തു സ്ഥാപിച്ചതാണ്. വര്‍ഷങ്ങളുടെ പഴക്കമുള്ളതിനാല്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ കിട്ടാന്‍ പ്രയാസമാണ്. പുതുതായി സ്ഥാപിച്ച ലിഫ്റ്റുകള്‍ പലതും ചില സമയങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ലിഫ്റ്റും നിശ്ചലമായിട്ടുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ പലപ്പോഴും ലിഫ്റ്റ് ഓപറേറ്റര്‍മാരെ കാണാറില്ലെന്ന് രോഗികളും ബന്ധുക്കളും പരാതിപ്പെടുന്നുണ്ട്. ഏതാണ്ട് നാലു വര്‍ഷം മുമ്പ് മാത്രം ആരംഭിച്ച ഈ ബ്ലോക്കിലെ ലിഫ്റ്റുകള്‍ ഇടയ്ക്കിടെ കേടുവരുകയും ചെയ്യുന്നു. നിലവാരം കുറഞ്ഞ ലിഫ്റ്റുകളാണ് ഇവിടെ ഉപയോഗിക്കുന്നതെന്ന് ആരോപണമുണ്ട്.
ലക്ഷങ്ങള്‍ ചെലവഴിച്ചു സ്ഥാപിച്ച ലിഫ്റ്റുകള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നത് അധികൃതരുടെ അലംഭാവം മൂലമാണെന്നാണ് രോഗികളുടെയും നാട്ടുകാരുടേയും ആരോപണം. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ വൃക്ക രോഗികളും ഹൃദ്രോഗികളുമാണ് കൂടുതല്‍ എത്തുന്നത്. ഇവര്‍ക്ക് ഓരോ നിലകളിലും കയറാന്‍ ഗോവണിയോ റാമ്പോ മാത്രമാണ് ആശ്രയം.
Next Story

RELATED STORIES

Share it