thiruvananthapuram local

മെഡിക്കല്‍ കോളജില്‍ ഡ്രെയിനേജ് പൊട്ടി മലിനജലം ഒഴുകുന്നു; മാസങ്ങളായിട്ടും നടപടിയില്ല

മെഡിക്കല്‍ കോളജ്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 19ാം വാര്‍ഡിന്റെ പിറകുവശത്തായി മലിനജലം പൊട്ടിയൊഴുകി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല. കാലപ്പഴക്കം ചെന്ന ഡ്രെയിനേജ് പൈപ്പുകള്‍ പൊട്ടിയതാണ് മലിനജലം ഒഴുകാന്‍ കാരണം.
ദുര്‍ഗന്ധം വമിക്കുന്നതിനാ ല്‍ വഴിനടക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. രോഗികളും കൂട്ടിരിപ്പുകാരും നിരവധി തവണ പരാതിപ്പെട്ടിട്ടും ഒരു ഫലവുമുണ്ടായില്ല. ഒരു പൈപ്പില്‍ നിന്നു ചോര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പറയുന്നു. അപ്പോള്‍ തന്നെ അറ്റകുറ്റപ്പണി നടത്തിയിരുന്നുവെങ്കില്‍ തുടര്‍ചോര്‍ച്ചകള്‍ ഒഴിവാക്കാമായിരുന്നു.
മുകളിലത്തെ നിലയുടെ ഭാഗത്തെ പൈപ്പാണ് ചോരുന്നത്. ഇതിലെ വെള്ളം താഴത്തെ നിലകളില്‍ എത്താതിരിക്കാനായി ഷീറ്റു കൊണ്ട് മറച്ചിട്ടുണ്ട് എന്നല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനടുത്താണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കും മോര്‍ച്ചറിയും സ്ഥിതി ചെയ്യുന്നത്. കാലപ്പഴക്കം ചെന്നതു കാരണം പൈപ്പിന്റെ പല ഭാഗങ്ങളും അടര്‍ന്നുപോയ നിലയിലാണ്. തുണിയും പ്ലാസ്റ്റിക്കും കൊണ്ട് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
രോഗികള്‍ക്ക് സ്വസ്ഥമായി കിടക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കേണ്ട അധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം. ഇത് ആരോട് പരാതി പറയുമെന്നാണ് രോഗികള്‍ ചോദിക്കുന്നത്.
Next Story

RELATED STORIES

Share it