മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന രോഗികളെ എലി കടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എലിയുടെ കടിയേറ്റ് രോഗികള്‍ക്കു ഗുരുതര പരിക്ക്. കാലൊടിഞ്ഞു ചികില്‍സയില്‍ കഴിയുന്ന അഞ്ചല്‍ സ്വദേശി രാജേഷിന്റെ കാല്‍വിരല്‍ എലി കടിച്ചുമുറിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാംതവണയാണ് രാജേഷിന് എലിയുടെ കടിയേല്‍ക്കുന്നത്. ബൈക്കപകടത്തില്‍ പരിക്കേറ്റ രാജേഷ് ഒരുമാസത്തിലേറെയായി പതിനഞ്ചാം വാര്‍ഡില്‍ ചികില്‍സയിലാണ്.
പരിക്കേറ്റ കാലിന്റെ പെരുവിരലില്‍ അഞ്ചു ദിവസംമുമ്പ് എലികടിച്ചതിനു ചികില്‍സിക്കുന്നതിനിടെയാണ് വീണ്ടും പെരുവിരലും ചെറുവിരലും എലി കടിച്ചുമുറിച്ചത്. തൊട്ടടുത്ത ബെഡിലെ ഗോപാലകൃഷ്ണപിള്ളയ്ക്കും ദിവസങ്ങള്‍ക്കു മുമ്പ് കടിയേറ്റിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി  കെ കെ ശൈലജ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി.
രോഗികള്‍ക്കു ബുദ്ധിമുട്ടൊഴിവാക്കാനുള്ള മുന്‍കരുതലുകളെടുക്കാന്‍ സൂപ്രണ്ടിനു നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരമാണ്. കരാറെടുത്ത ഏജന്‍സിയെക്കൊണ്ട് എലി, മൂട്ട, മറ്റു പ്രാണികള്‍ എന്നിവയെ നശിപ്പിക്കുന്നതിന് അടിയന്തര നടപടിയെടുപ്പിക്കും. എലിയുടെ കടിയേറ്റ രോഗിക്ക് ആവശ്യമായ എല്ലാ ചികില്‍സയും നല്‍കാന്‍ നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ആശുപത്രികളുടെയും പരിസരപ്രദേശങ്ങളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it