malappuram local

മെഡിക്കല്‍ കോളജില്‍ കുടിവെള്ളം മുടങ്ങി

പ്രതിഷേധം ശക്തമായതോടെ സ്വകാര്യ ജലവിതരണക്കാരുടെ സഹായത്തോടെ ആശുപത്രിക്ക് മുമ്പില്‍ താല്‍ക്കാലിക സംഭരണി സ്ഥാപിച്ച് വെള്ളം വിതരണം ചെയ്യുകയായിരുന്നു. എന്നാല്‍ വെള്ളം ശേഖരിക്കാന്‍ സംവിധാനമില്ലാതെ മൂന്നും നാലും നിലകളിലുള്ള രോഗികള്‍ പ്രയാസപ്പെട്ടു.മഞ്ചേരി: മെഡിക്കല്‍ കോളജില്‍ കുടിവെള്ളം മുടങ്ങി  രോഗികള്‍ വലഞ്ഞു. ബുധനാഴ്ച്ച രാവിലെ മുതലാണ് ആശുപത്രിയില്‍ ജല വിതരണം പൂര്‍ണമായും നിലച്ചത്. ഇത് പ്രസവ വാര്‍ഡ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിഭാഗങ്ങളുടെയും പ്രവര്‍ത്തനം താളംതെറ്റിച്ചു.പുത്തന്‍കുളത്തില്‍ നിന്ന് കോളജിലേക്ക് വെള്ളമെത്തിക്കുന്ന മുഖ്യ പൈപ്പ്‌ലൈന്‍ പൊട്ടിയതാണ് ജലവിതരണം മുടങ്ങാന്‍ ഇടയാക്കിയത്. എന്‍എസ്എസ് സ്‌കൂളിന് സമീപമാണ് മെയിന്‍ ടാങ്കിലേക്കുള്ള കുടിവെള്ള പൈപ്പ് പൊട്ടിയത്. തുടര്‍ന്ന് മണിക്കൂറുകളോളം മോട്ടോര്‍ പമ്പ് ചെയ്യാനായില്ല. ടാങ്കിലുണ്ടായിരുന്ന വെള്ളം രാവിലെ ഒമ്പതരയോടെ തീരുകയും ചെയ്തു.ഓപറേഷന്‍ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് ജലവിതരണം മുടങ്ങിയത്.വിവരം പൊതുമരാമത്തു വിഭാഗത്തില്‍ അറിയിച്ചിട്ടും അറ്റകുറ്റപണി നടത്താന്‍ കൂട്ടാക്കിയില്ല. രാവിലെമുതല്‍ വെള്ളം കിട്ടാതെ നൂറുക്കണക്കിന് രോഗികളും കൂട്ടിരുപ്പുക്കാരും വലഞ്ഞു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് വെള്ളമില്ലാതെ വന്നത് രോഗികളുടെ ദുരിതം കൂട്ടി. സമീപത്തെ ലോഡ്ജുകളില്‍ നിന്നും വീടുകളില്‍ നിന്നും കുപ്പിയിലും ബക്കറ്റിലും കുപ്പിവെള്ളം എത്തിച്ചാണ് അത്യാവശ്യകാര്യങ്ങള്‍ നിര്‍വഹിച്ചത്. വിദ്യാര്‍ഥികളുടെ ഹോസ്റ്റലിന്റെയും അത്യാഹിത വിഭാഗത്തിന്റെയും പ്രവര്‍ത്തനത്തെ ബാധിച്ചു. വെള്ളം നിലച്ചത് ആശുപത്രിയിലെ താല്‍ക്കാലിക ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളെയും ദുരിതത്തിലാക്കി.പൈപ്പ്‌ലൈന്‍ താല്‍ക്കാലികമായി നന്നാക്കി പമ്പിങ് തുടങ്ങാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.പ്രതിഷേധം ശക്തമായതോടെ സ്വകാര്യ ജലവിതരണക്കാരുടെ സഹായത്തോടെ ആശുപത്രിക്ക് മുന്നില്‍ താല്‍ക്കാലി സംഭരണി സ്ഥാപിച്ച് വെള്ളം വിതരണം ചെയ്യുകയായിരുന്നു.എന്നാല്‍ വെള്ളം ശേഖരിക്കാന്‍ സംവിധാനമില്ലാതെ മൂന്നും നാലും നിലകളിലുള്ള രോഗികള്‍ പ്രയാസപ്പെട്ടു.അടിയന്തരപ്രാധാന്യമുള്ള വിഷയമായിട്ടും പൊട്ടിയ പൈപ്പ് മാറ്റി പ്രശ്‌നം പരിഹരിക്കാന്‍ സ്ഥലം എംഎല്‍എയും നഗരസഭാ അധികൃതരും ഗൗനിച്ചില്ലെന്നും ആക്ഷേമുണ്ട്.രാത്രിയോടെ പൈപ്പ് മാറ്റുമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.നന്ദകുമാര്‍ പറഞ്ഞു. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ 50 ലക്ഷം മുടക്കി സ്ഥാപിച്ച പദ്ധതി പാതിവഴില്‍ നിലച്ചതും വിനയായി.രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ പദ്ധതി നഗരസഭയുടെ അനാസ്ഥകാരണമാണ് നിലച്ചത്.
Next Story

RELATED STORIES

Share it