kozhikode local

മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ രോഗികള്‍ 'വെന്തുരുകുന്നു'

കോഴിക്കോട്: മെഡിക്കല്‍കോളജില്‍ ഓങ്കോളജി-ഹെമറ്റോളജി വാര്‍ഡായ 48 ല്‍ കഴിയുന്ന രോഗികള്‍ ചൂടില്‍ വെന്തുരുകുന്നു. മൂന്നാം നിലയിലുള്ള വാര്‍ഡിന് മുകളില്‍ ആസ്ബസ്റ്റോസ് ഷീറ്റാണ് വിരിച്ചത്. ഉച്ചയാകുന്നതോടെ ചൂട് കൂടി രോഗികള്‍ അസ്വസ്ഥരാവുകയാണ്.
കാന്‍സര്‍ ബ്ലോക്കിന്റെ മുകള്‍ നിലയില്‍ ടി എന്‍ സീമ എംപിയുടെ ഫണ്ടില്‍ നിന്ന് 20 കിടക്കകളുള്ള രണ്ടു വാര്‍ഡുകള്‍ വീതം നിര്‍മിച്ചത്. ഐസിയു ഉണ്ടാക്കിയിട്ടുണ്ടെങ്കിലും എസിയില്ല. മൂന്ന് ഏസിയെങ്കിലും ഈ ഐസിയുവിലേക്ക് ആവശ്യമാണ്. എന്നാല്‍ ഒന്നുപോലും ഇതുവരെ നല്‍കിയിട്ടില്ല. എസി സൗകര്യം ശരിയക്കാമെന്ന് പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
രോഗികളുടെ ദയനീയ അവസ്ഥ കണ്ട് മനസ്സിലാക്കിയ സന്നദ്ധ പ്രവര്‍ത്തകര്‍ നാല് എസി കാന്‍സര്‍ വാര്‍ഡിലേക്ക് നല്‍കാമെന്ന്  പറഞ്ഞ് സൂപ്രണ്ടിനെ സമീപിച്ചപ്പോള്‍ ആശുപത്രി ഇലക്ട്രിക് വിങ് എസി സ്ഥാപിക്കുന്നതിനു സമ്മതമല്ലെന്നാണ് പറഞ്ഞത്. ഇത്രയും ക്രൂരത കാന്‍സര്‍ രോഗികളോട് കാണിക്കുന്നതെന്തിനാണെന്ന് കൂട്ടിരിപ്പുകാര്‍ ചോദിക്കുന്നു. അതീവ സുരക്ഷയില്‍ കഴിയേണ്ട കാന്‍സര്‍ രോഗികള്‍ക്കാണ് ഈ അവസ്ഥ. വികസനസമിതി ഫണ്ട് രോഗികള്‍ക്കാവശ്യമായ അടിയന്തരാവശ്യത്തിന് ഉപയോഗിക്കുന്നില്ലെന്ന് പരാതി ഉയരുന്നു.
നിലവില്‍ ഐസിയുകള്‍ക്ക് പുറമെ ആശുപത്രിയിലെ ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും മിക്ക ഓഫിസുകളിലും എസി ഉണ്ട്. നിലവില്‍ മെഡിസിന്‍ വാര്‍ഡായ രണ്ടില്‍ പുരുഷന്‍മാരും 31ല്‍ സ്ത്രീകളുമാണ് കഴിയുന്നത്. എന്നാല്‍ വേണ്ടത്ര സൗകര്യങ്ങളില്ലാതെ ഗുരുതരാവസ്ഥയിലുള്ള പല രോഗികളും തറയില്‍ കിടക്കേണ്ട ഗതികേടിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സ്ത്രീകളും പുരുഷന്‍മാരുമായി 40 മുതല്‍ 45 രോഗികള്‍ വരെ ദിവസവും അഡ്മിറ്റുണ്ടാവും. ഇവരെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ വാര്‍ഡ് നിര്‍മിച്ചിട്ടും ആവശ്യത്തിന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാല്‍ ബുദ്ധിമുട്ടുകയാണെന്നും കൂട്ടിരിപ്പുകാര്‍ പറഞ്ഞു. ജീവനോട് മല്ലിട്ടുകഴിയുന്ന കാന്‍സര്‍ രോഗികള്‍ക്ക് അണുബാധ തടയാന്‍ എസി സൗകര്യം യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥാപിക്കണമെന്ന് ബന്ധുക്കള്‍ പറയുന്നു.
Next Story

RELATED STORIES

Share it