ഉറ്റവരെ തിരിച്ചറിയാനാവാതെ... 

തിരുവനന്തപുരം: വെടിക്കെട്ടപകടം നടന്ന പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലേക്കാള്‍ ഹൃദയഭേദകമായ രംഗങ്ങള്‍ക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചത്. ചിന്നിച്ചിതറിയ ശരീരഭാഗങ്ങളുമായി ജീവനുവേണ്ടി മല്ലിടുന്നവരുടെ ദാരുണകാഴ്ചയാണ് മെഡിക്കല്‍ കോളജുകളിലെ വാര്‍ഡുകളിലും വരാന്തകളിലും.
വെടിക്കെട്ടപകടത്തില്‍പ്പെട്ട 124 പേരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിച്ചത്. ഇതില്‍ 11 പേരെ മരണമടഞ്ഞ നിലയിലായിരുന്നു ആശുപത്രിയിലെത്തിച്ചത്. രണ്ടു പേര്‍ ആശുപത്രിയില്‍ വച്ചും മരിച്ചു. ഇവര്‍ സര്‍ജിക്കല്‍ ഐസിയുവില്‍ ചികില്‍സയിലായിരുന്നു. ഇതോടെ ഇവിടത്തെ മരണം 13 ആയി. മെഡിക്കല്‍ കോളജിന് പുറമേ അനന്തപുരി ആശുപത്രിയില്‍ മൂന്നുപേരെയും കിംസില്‍ 18 പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. കിംസിലെ അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചരുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
ചികില്‍സയിലുള്ളവരില്‍ 12 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. മെഡിക്കല്‍ കോളജിലെ അഞ്ച്, ഒമ്പത്, 14, 15, 18, 19, 22 വാര്‍ഡുകള്‍ പരിക്കേറ്റവര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. വാര്‍ഡ് 19, 14 എന്നിവയില്‍ പരിക്കേറ്റ സ്ത്രീകളെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. 63 പേരെയാണ് അഡ്മിറ്റാക്കിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ നിരീക്ഷണത്തിലാണ്. ബേണ്‍സ് ഐസിയുവില്‍ ഏഴു പേരും സര്‍ജിക്കല്‍ ഐസിയുവില്‍ നാല് പേരുമാണുള്ളത്.
അപകടം നടന്ന വിവരം അറിഞ്ഞ ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം പൂര്‍ണസജ്ജമായി. അഞ്ചുമണിയോടെ ആംബുലന്‍സുകള്‍ മെഡിക്കല്‍ കോളജിലേക്ക് എത്തിത്തുടങ്ങി. ശരീരങ്ങളില്‍ പലതും ചിന്നിച്ചിതറിയ നിലയിലായിരുന്നു. ആംബുലന്‍സുകള്‍ക്ക് ഗതാഗത തടസ്സമൊഴിവാക്കി ആശുപത്രിയിലേക്കെത്താന്‍ കൂടുതല്‍ പോലിസിനെ വിവിധ ജങ്ഷനുകളില്‍ വിന്യസിച്ചു. സിറ്റി പോലിസ് കമ്മീഷണറും റൂറല്‍ എസ്പിയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായതോടെ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി.
ഒമ്പതാം വാര്‍ഡ് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മാത്രമായി സജ്ജമാക്കി. നാല് ഓപറേഷന്‍ തിയേറ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. വിവരങ്ങളറിയാന്‍ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു (0471 2528300). രാവിലെ നാലരയോടെയാണ് പരിക്കേറ്റവരുമായുള്ള ആദ്യ ആംബുലന്‍സ് എത്തിയത്. ആദ്യം സാധാരണ അപകടം എന്ന നിലയിലാണ് ആശുപത്രി ജീവനക്കാര്‍ ചികില്‍സ തുടങ്ങിയത്. എന്നാല്‍ വൈകാതെ അപകടവിവരം എത്തിയതോടെ ആശുപത്രി ജീവനക്കാരും അത്യാഹിത വിഭാഗവും എല്ലാ തയ്യാറെടുപ്പുകളുമായി സജീവമായി. അഞ്ചുമണി മുതല്‍ ആംബുലന്‍സുകള്‍ ഒന്നിനു പിന്നാലെ ഒന്നായി എത്തിക്കൊണ്ടിരുന്നു.
എട്ടരയോടെ ആംബുലന്‍സുകളുടെ വരവില്‍ കുറവുണ്ടായി. അപ്പോഴേക്കും അശുപത്രിയില്‍ അഡ്മിറ്റ് ചെയ്തവരുടെ എണ്ണം 100 കടന്നിരുന്നു. കലക്ടര്‍ ബിജു പ്രഭാകര്‍ മെഡിക്കല്‍ കോളജില്‍ ക്യാംപ് ചെയ്ത് എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. കെ മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ചികില്‍സ. മെഡിക്കല്‍ കോളജില്‍ ഹെല്‍പ് ലൈനുകളും തുറന്നിട്ടുണ്ട്. നമ്പര്‍: 0471 2528300/ 0471 2528647. കലക്ടര്‍: 9447200222.
Next Story

RELATED STORIES

Share it