kozhikode local

മെഡിക്കല്‍ കോളജില്‍ ആധുനിക പരീക്ഷാ ഹാളിന് 13 കോടി

കോഴിക്കോട്: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ആധുനിക പരീക്ഷാ ഹാള്‍ നിര്‍മിക്കുന്നതിന് 13 കോടി രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 250 വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാവുന്ന രണ്ട് ഹാളുകളാണ് നിര്‍മിക്കുന്നത്. 250 വിദ്യാര്‍ഥികളുള്ള കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൂന്ന് പരീക്ഷാ ഹാളുകള്‍ വേണമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം.
എന്നാല്‍ ഒരു ഹാളും രണ്ട് താത്ക്കാലിക ഹാളുകളുംകൊണ്ടാണ് പരീക്ഷകള്‍ നടത്തിയിരുന്നത്. വര്‍ഷങ്ങളായി തുടരുന്ന ഈയൊരവസ്ഥ ഈ കോളജിലെ വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് മനസിലാക്കി ആരോഗ്യ വകുപ്പ് മന്ത്രി അടിയന്തരമായി ഇടപെട്ടാണ് തുകയനുവദിച്ചത്. ഗ്രൗണ്ട് ഫ്‌ളോറില്‍ പാര്‍ക്കിങ് സൗകര്യമാണൊരുക്കുന്നത്. ഹാളിന് മുകളില്‍ തിയറി പരീക്ഷയും മൂല്യനിര്‍ണയവും നടത്തുന്നതിന് വേണ്ടിയുള്ള മറ്റൊരു ഹാളും പണിയുന്നതാണ്. ഇതിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കേരളത്തിലെ ഏറ്റവുമധികം എംബിബിഎസ് വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ഈ മെഡിക്കല്‍ കോളജിലെ 250 എംബിബിഎസ് സീറ്റുകള്‍ക്കും അടുത്തിടെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാനുമതി ലഭിച്ചിരുന്നു. ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും കുറവുള്ള അധ്യാപകരെ നിയമിക്കുകയും എംസിഐ നിര്‍ദേശിക്കുന്ന പ്രകാരമുള്ള മറ്റ് സൗകര്യങ്ങള്‍ കോളജില്‍ ഒരുക്കുകയും ചെയ്തിരുന്നു.
250 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കഴിയുന്ന ക്ലാസ് റൂമുകള്‍, മികച്ച ലൈബ്രറി സൗകര്യം, ഹോസ്റ്റല്‍, പരീക്ഷാ നടത്താനുള്ള സൗകര്യം, അധ്യാപക വിദ്യാര്‍ഥി ആനുപാതം എന്നിവയെല്ലാം പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് എംസിഐ 250 സീറ്റുകള്‍ക്കും സ്ഥിരാനുമതി നല്‍കിയത്. 14 കോടി മുടക്കിയുള്ള പുതിയ ഹോസ്റ്റല്‍ കെട്ടിടം ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ വന്ന ശേഷം ഇവിടെ നടത്തിയത്.
Next Story

RELATED STORIES

Share it