മെഡിക്കല്‍ കോളജില്‍ ആദിവാസി ചികില്‍സ കിട്ടാതെ മരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ആദിവാസി ചികില്‍സ കിട്ടാതെ മരിച്ചതായി പരാതി. തെങ്ങില്‍ നിന്ന് വീണു പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിലമ്പൂര്‍ പൂക്കോട്ടുംപാടം അയ്യപ്പന്‍കുളം കോളനി കണ്ടന്‍ (50) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10.30ന് നിലമ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കണ്ടനെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. കണ്ടന്റെ ഭാര്യ മാതിയും രണ്ട് ആദിവാസി പ്രമോട്ടര്‍മാരും ആംബുലന്‍സില്‍ കൂടെയുണ്ടായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിയശേഷം പ്രമോട്ടര്‍മാര്‍ സ്ഥലംവിട്ടുവെന്ന് പറയുന്നു. ഇവിടത്തെ പ്രമോട്ടര്‍മാരും കണ്ടനെ സഹായിക്കാന്‍ എത്തിയില്ല.
ഉച്ചയ്ക്കു രണ്ടിന് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും പരിചരണമൊന്നും ലഭ്യമായില്ലെന്ന് ബന്ധുക്കളും കൂടെ വന്നവരും പറയുന്നു. വൈകീട്ട് അഞ്ചോടെ മരിച്ചു. മരിച്ച വിവരം മാതി അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. അത്യാഹിത വിഭാഗത്തിലുള്ള പൊതുപ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് ഇടപെട്ടതോടെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. അപ്പോഴേക്കും രാത്രി എട്ടുമണിയായിരുന്നു. വീഴ്ചയില്‍ കണ്ടന് ഇടതു കൈക്കും ഇടതു കാലിനുമാണ് ക്ഷതമേറ്റത്. വേദനയുള്ളതായി പറഞ്ഞെങ്കിലും വേദനസംഹാരികളൊന്നും നല്‍കിയില്ല. സ്‌കാനിങ്ങിന് എഴുതിയെങ്കിലും സ്‌കാന്‍ ചെയ്തില്ല.
ആദിവാസികള്‍ ചികില്‍സ തേടിയെത്തിയാല്‍  ഭക്ഷണം, മരുന്ന് തുടങ്ങിയവയെല്ലാം സൗജന്യമാണ്. പരിചരണത്തിനു വേണ്ടി ആശുപത്രി വികസന സമിതി വക പ്രമോട്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. എന്നാല്‍, കണ്ടന്റെ കാര്യത്തില്‍ തികഞ്ഞ അവഗണനയാണുണ്ടായത്.
വിവരമറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. അതേസമയം, കണ്ടന് ചികില്‍സ ലഭ്യമാക്കിയിട്ടുണ്ടെന്നും സ്‌കാനിങിന് പോയപ്പോള്‍ മരിച്ചതാണെന്നും സ്ഥലത്തെത്തിയ പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍ വ്യക്തമാക്കി. കണ്ടന്റെ മൃതദേഹം ഇന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. സരോജിനി ഏകമകളാണ്.
Next Story

RELATED STORIES

Share it