Alappuzha local

മെഡിക്കല്‍ കോളജില്‍ ആഞ്ചിയോഗ്രാം യന്ത്രം പണിമുടക്കി; നാട്ടുകാര്‍ പ്രതിഷേധിച്ചു

അമ്പലപ്പുഴ: ആഞ്ചിയോഗ്രാം യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ കാത്ത്‌ലാബിന് മുന്നില്‍ സമരം ചെയ്തു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാത്ത് ലാബിന് മുന്നിലാണ് ഡോക്ടര്‍മാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും അകത്തേക്കോ പുറത്തേക്കോ കടക്കാനാവാത്തവിധം പത്തോളം വരുന്ന കൂട്ടിരിപ്പുകാര്‍ സമരം നടത്തിയത്. രോഗിയെ ആഞ്ചിയോഗ്രാമിന് വിധേയമാക്കുന്നതിന് മുമ്പ് ക്രമം തെറ്റിയ ഹൃദയമിടിപ്പ് ക്രമപ്പെടുത്താന്‍ ഷോക്ക് നല്‍കാന്‍ ഉപയോഗിക്കുന്ന യന്ത്രമായ ഡിസുബലേറ്റര്‍ യന്ത്രമാണ് തകരാറിലായത്.
ഇതര ജില്ലകളില്‍നിന്നുള്‍പ്പെടെയുള്ള ആറ് രോഗികള്‍ക്കാണ് ഇന്നലെ ആഞ്ചിയോഗ്രാം നല്‍കാന്‍ നിശ്ചയിച്ചിരുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം രോഗികള്‍ വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഭക്ഷണം നല്‍കിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ആഞ്ചിയോഗ്രാമിന് എത്തിയപ്പോഴാണ് യന്ത്രം തകരാറിലായെന്ന് അധികൃതര്‍ പറയുന്നത്. ഇതോടെ തലേന്നുമുതല്‍ ഭക്ഷണം കഴിക്കാതിരുന്ന രോഗികളുടെ സ്ഥിതി ഏറെ ദയനീയമാവുകയും ശാരീരിക അസ്വസ്തകള്‍ അനുഭവപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കൂട്ടിരിപ്പുകാരും ബന്ധുക്കളും ചേര്‍ന്ന് കാത്ത് ലാബിന് മുന്നില്‍ ഉപരോധം തീര്‍ത്തത്. ഒടുവില്‍ കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍ എത്തി മറ്റൊരു യന്ത്രമെത്തിച്ച് ഉച്ചയ്ക്ക് ശേഷം ആഞ്ചിയോഗ്രാം ചികില്‍സ നല്‍കാമെന്ന് ഏറ്റതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച കാത്ത് ലാബില്‍ നാല് ഡിസുബലേറ്റര്‍ യന്ത്രമാണുള്ളത്. ഇതില്‍ മൂന്നെണ്ണവും കേടായിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും വാര്‍ഷിക അറ്റകുറ്റപ്പണി നടത്തി യന്ത്രത്തിന്റെ തകരാറ് പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവാതിരുന്നതാണ് ഇതിന് കാരണം.
മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന അത്യാധുനിക നിലവാരത്തിലുള്ള ഓരോ യന്ത്രവും ജപ്പാനില്‍ നിന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ ഇറക്കുമതി ചെയ്തത്.
Next Story

RELATED STORIES

Share it