kozhikode local

മെഡിക്കല്‍ കോളജില്‍ അടിയന്തര രക്തപരിശോധന നടത്താന്‍ നെട്ടോട്ടം

കോഴിക്കോട്: അത്യാസന്ന നിലയിലുള്ള രോഗികളുടെ രക്തത്തിലെ ഓക്‌സിജന്‍ നിരക്ക് പരിശോധിക്കുന്നതിന് നടത്തേണ്ട ടെസ്റ്റിനു വേണ്ടി മെഡിക്കല്‍കോളജ് അധികൃതര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നു. രോഗികളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പും ശേഷവും ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ നടത്തേണ്ട ആര്‍ട്ടീരിയല്‍ ബ്ലഡ് ഗ്യാസ് ടെസ്റ്റ്(എബിജി ടെസ്റ്റ്) നടത്തുന്നതിനുള്ള സൗകര്യമാണ് മെഡിക്കല്‍കോളജില്‍ ഇല്ലാത്തത്.
രോഗിയുടെ ധമനികളില്‍ നിന്നും രക്തസാമ്പിള്‍ എടുത്തതിനു ശേഷം വായു സഞ്ചാരം കടക്കാതെ തന്നെ പരിശോധനക്ക് വിധേയമാക്കണം. രക്തത്തിലെ ഓക്‌സിജന്‍, കാര്‍ബണ്‍ഡൈഓക്‌സൈഡ് തുടങ്ങിവയുടെ അളവാണ് പരിശോധിക്കേണ്ടത്.
പലപ്പോഴും മിനിറ്റുകള്‍ക്കകം ഫലം അറിയേണ്ട രീതിയില്‍ അടിയന്തരകേസുകളിലാണ് പ്രസ്തുത പരിശോധന നടത്താറുള്ളത്. എന്നാല്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ഇതുവരെ എബിജി ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനമില്ല. മുമ്പ് ചെസ്റ്റ് ആശുപത്രിയിലും അനസ്‌തേഷ്യാ യൂനിറ്റിലും ടെസ്റ്റ് നടത്താനുള്ള സൗകര്യമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. മെഡിക്കല്‍ കോളജ് ലാബിലെ ഉപകരണം കേടായിട്ട് നാല് വര്‍ഷം കഴിഞ്ഞു. എന്നാല്‍ പകരം സംവിധാനം ഇതുവരെ ഒരുക്കിയിട്ടില്ല.
വിവിധ ഐസിയുകളില്‍ നിന്നായി ദിവസേന അറുപതോളം രോഗികള്‍ക്ക് മെഡിക്കല്‍കോളജില്‍ നിന്നും എബിജി ടെസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ ടെസ്റ്റ് നടത്തുന്നതിനുവേണ്ട സൗകര്യം മെഡിക്കല്‍കോളജിലോ പരിസരത്തെ ലാബുകളിലോ ഇല്ലാത്തതിനാല്‍ നഗരത്തിലെ പ്രമുഖ സ്വകാര്യാശുപത്രികളെയാണ് രോഗികള്‍ ആശ്രയിക്കുന്നത്. ഈ ആശുപത്രികള്‍ രോഗികളില്‍ നിന്നും അമിത ചാര്‍ജ്ജ് ഈടാക്കുന്നതായും ആക്ഷേപമുണ്ട്.
എബിജി ടെസ്റ്റ് നടത്താനുള്ള സൗകര്യം മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പരിയാരം മെഡിക്കല്‍കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഈ സൗകര്യമുണ്ട്. മെഡിക്കല്‍കോളജാശുപത്രിയില്‍ ഇങ്ങനെയൊരു സൗകര്യമേര്‍പ്പെടുത്താത്തതില്‍ രോഗികളും ബന്ധുക്കളും ദുരിതത്തിലാണ്.
ആശുപത്രി വികസനസമിതിയില്‍ കോടികളുടെ വരുമാനമുണ്ടായിട്ടും രോഗികള്‍ക്ക് ആവശ്യമായ വികസനമൊരുക്കുന്നതില്‍ വികസനസമിതിഅംഗങ്ങളും താല്‍പര്യം കാണിക്കുന്നില്ലെന്ന് ആരോപണമുണ്ട്.

Next Story

RELATED STORIES

Share it