kozhikode local

മെഡിക്കല്‍ കോളജിലെ മാലിന്യപ്രശ്‌നം : പദ്ധതി രേഖ തയ്യാറാക്കാന്‍ ഒമ്പതംഗ സമിതി രൂപീകരിച്ചു



കോഴിക്കോട്:  ഗവ. മെഡിക്കല്‍ കോളജിലെ മാലിന്യ പ്രശ്‌നത്തെക്കുറിച്ച് സമഗ്രമായി പഠിച്ച് വിശദ പദ്ധതി രേഖ (ഡി പിആര്‍) തയാറാക്കുന്നതിനായി ഒമ്പതംഗ സമിതി രൂപീകരിച്ചു. മെഡിക്കല്‍ കോളജിലെ മാലിന്യം ഒഴുക്കിവിടുന്നതു മൂലം മായനാട് പ്രദേശത്ത് അനുഭവപ്പെടുന്ന ഗുരുതരമായ പ്രശ്‌നം പരിഹരിക്കുന്നതിനായി ജില്ലാ കലക്ടര്‍ യു.വി ജോസ് വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും മെഡിക്കല്‍ കോളജ് അധികൃതരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് സമിതി രൂപീകരിച്ചത്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സജിത് ആണ് സമിതി നോഡല്‍ ഓഫീസര്‍. കൗണ്‍സിലര്‍മാരായ എം.എം.പത്മാവതി, ഷെറീന വിജയന്‍ കെ, ഡോ. ശ്രീകുമാര്‍, സത്യന്‍, കണ്‍സള്‍ട്ടറ്റന്റ് ഡോ. റീന അനില്‍ കുമാര്‍, വാട്ടര്‍ അതോറിറ്റി, പിഡബ്ല്യു.ഡി ബില്‍ഡിംഗ്‌സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും. സമിതിയുടെ ആദ്യയോഗം മെയ് 15ന് മെഡിക്കല്‍ കോളജില്‍ നടക്കും. റിപ്പോര്‍ട്ട് തയാറാക്കി മെയ് 29ന് കളക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അവതരിപ്പിക്കും. പുതിയ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് പദ്ധതി തയാറാക്കാതെ മെഡിക്കല്‍ കോളജില്‍ അടുത്ത വികസന പദ്ധതി ആസൂത്രണം ചെയ്യാനാവില്ലെന്ന് കലക്ടര്‍ പറഞ്ഞു.മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിക്കാത്ത പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം അടിയന്തിരമായി ചെയ്യുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ബ്ലഡ് ബാങ്കിന് മാത്രമായി പുതിയ ട്രാന്‍സ്‌ഫോര്‍മറിന് നിര്‍ദേശം സമര്‍പ്പിക്കും. മെഡിക്കല്‍ കോളജിലെ വൈദ്യുതി പ്രശ്‌നം പരിഹരിക്കാന്‍ ഹ്രസ്വകാല, ദീര്‍ഘകാല ആവശ്യം മുന്‍നിര്‍ത്തി റിപ്പോര്‍ട്ട് തയറാക്കാന്‍ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍, കെ.എസ്.ഇ.ബി അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജിനായി സബ്‌സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it