Kottayam Local

മെഡിക്കല്‍ കോളജിലെ പിജി കോഴ്‌സുകളുടെ അംഗീകാരം നഷ്ടമാവുന്നു; ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്

ആര്‍പ്പുക്കര (കോട്ടയം): മെഡിക്കല്‍ കോളജുകളില്‍ പിജി കോഴ്‌സുകളുടെ അംഗീകാരം നഷ്ടമാവുന്നു. ഇതേതുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പി ജി സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെടുന്നതില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ തയ്യാറെടുക്കുന്നു. 2013 മുതല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗ ണ്‍സില്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള ചികില്‍സാ ഉപകരണങ്ങളുടെയും പഠന സംവിധാനങ്ങളുടേയും അപര്യാപ്തതമൂലമാണ് അംഗീകാരം നഷ്ടമായത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ സമര്‍പ്പിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തിരുവനന്തപുരം ആര്‍സിസി കോട്ടയം, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളജുകളിലാണ് മെഡിസിന്‍, സര്‍ജറി, ഫോറനന്‍സിക്ക് മെഡിസി ന്‍, ഫിസിയോളജി, മൈക്രോബയോളജി, പ്രിവന്റീവ് മെഡിസിന്‍, ത്വക്ക് രോഗം, ഫിസിക്കല്‍ മെഡിസിന്‍, അനസ്‌തേഷ്യ, അസ്തിരോഗം, റേഡിയോ ഡൈഗ്‌നോസീസ്, ന്യൂറോളജി എന്നീ വിഭാഗങ്ങള്‍ക്കും കൂടാതെ സൂപര്‍ സ്‌പെഷ്യാലിറ്റിയായ ന്യൂറോജി വിഭാഗത്തിനുമുള്ള അംഗീകാരമാണു നഷ്ടമായത്. സംസ്ഥാനത്ത് ഒരു വര്‍ഷം 208 പിജി ഡോക്ടര്‍മാര്‍ വീതം മുന്നു വര്‍ഷം 600ഓളം പിജിക്കാര്‍ക്ക് ഐഎംസിയുടെ അംഗീകാരമാണു ലഭിക്കാതെപോവുന്നത്.
816 പിജി സീറ്റുകളാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലുള്ളത്. കോട്ടയം മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗത്തില്‍ 10 പിജി സീറ്റ് ഉണ്ടായിരുന്നത് 14 ആയി ഉയര്‍ത്തിയെങ്കിലും നാളിതുവരെ ഐഎംസിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. അസിസ്റ്റന്റ് പ്രഫസര്‍മാര്‍, സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ എന്നിവരുടെ ഒഴിവുകള്‍, അധ്യാപക ഡോക്ടര്‍മാരുടെ നിബന്ധനകള്‍ പാലിക്കാത്ത സ്ഥാനക്കയറ്റങ്ങള്‍, എംആര്‍ഐ പോലുള്ള ആധുനിക സംവിധാനങ്ങളുടെ കുറവ്, ഐസിയു, വാര്‍ഡ് എന്നിവിടങ്ങളിലെ കിടക്കകളുടെ കുറവ് എന്നിവയാണ് അംഗീകാരം നഷ്ടമാവാന്‍ കാരണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.
ഐഎംസിയുടെ നിര്‍ദേശ പ്രകാരം പഠന സൗകര്യം ഒരുക്കിയില്ലെങ്കില്‍ മെഡിക്കല്‍ പിജി വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാകുമെന്ന ആശങ്കയാണ് വിദ്യാര്‍ഥികളെ പ്രക്ഷോഭത്തിലേക്കു നയിക്കുന്നത്. 2125 തസ്തികകളാണ് മെഡിക്കല്‍ കോളജുകളില്‍ ആകെയുള്ളത്. അതില്‍ 450 ഓളം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും പിജി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it