മെഡിക്കല്‍ കോളജിലെ നഴ്‌സിങ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന വൃദ്ധനോട് ക്രൂരമായി പെരുമാറിയ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. നഴ്‌സിങ് അസിസ്റ്റന്റ് ആര്‍ സുനില്‍കുമാറിനെ സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മെഡിക്കല്‍ കോളജ് സൂപ്രണ്ടും സിറ്റി പോലിസ് കമ്മീഷണറും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ വാര്‍ഡായ 15ലാണ് സംഭവം. കാലൊടിഞ്ഞു കമ്പിയിട്ടു ചികില്‍സയിലായിരുന്ന അഞ്ചല്‍ വിളക്കുപാറ സ്വദേശി വാസുവിന്റെ കൈവിരലുകള്‍ സുനില്‍കുമാര്‍ പിടിച്ചു ഞെരിക്കുന്നതും വാസു വേദനകൊണ്ട് നിലവിളിക്കുന്ന ദൃശ്യവും സാമൂഹികമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. കൈവിരലുകള്‍ പിടിച്ചു ഞെരിക്കുന്നതും അസഭ്യം പറയുന്നതും രോഗിയെ അടിക്കാന്‍ കൈ ഓങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. സമീപത്തുണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.
രോഗിയോട് മോശമായി പെരുമാറിയ ജീവനക്കാരനെ പിരിച്ചുവിടണമെന്നും വിഷയത്തില്‍ ആരോഗ്യമന്ത്രി ഉടന്‍ ഇടപെടണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ശക്തമായ നടപടി സ്വീകരിക്കാനും ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടിരുന്നു. സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബി ജോണും നഴ്‌സിങ് സൂപ്രണ്ടും നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സുനില്‍കുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
തെങ്ങില്‍ നിന്നു വീണതിനെ തുടര്‍ന്ന് കഴിഞ്ഞ 19ന് ഇടുപ്പെല്ലിന്റെ ചികില്‍സയ്ക്കായാണ് വാസു ഇവിടെ എത്തിയത്. 23ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. രണ്ടാഴ്ച വിശ്രമത്തിനു ശേഷം തുടര്‍ചികില്‍സയ്ക്ക് എത്തുന്ന ഈ രോഗിയുടെ തുടര്‍ ചികില്‍സകള്‍ സൗജന്യമായി നല്‍കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വാസുവിന് ഇനിയുള്ള ചികില്‍സ സൗജന്യമായി നല്‍കുമെന്ന് സൂപ്രണ്ട് അറിയിച്ചു. വിശദമായി അന്വേഷിച്ച ശേഷം ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫിസും അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it