ernakulam local

മെഡിക്കല്‍ കോളജിലെ കോഫിഷോപ്പ് അടച്ചതില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു



കളമശ്ശേരി: എറണാകുളം ഗവ.മെഡിക്കല്‍ കോളജിലെ കാഷ്വാലിറ്റിക്കു സമീപം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കോഫിഷോപ്പ് അടപ്പിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ ഭരണപക്ഷ യൂനിയന്റെ ഫഌക്‌സ് ബോര്‍ഡുകളും യുവജന സംഘടനകളുടെ കൊടികളും നശിപ്പിച്ചതായി പരാതി. 2015ലാണ്് മെഡിക്കല്‍ കോളജിലെ കാഷ്വാലിറ്റിക്കു സമീപം കോഫിഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടസ്ഥാപനങ്ങള്‍ പരസ്യലേലം ചെയ്ത് നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ വ്യവസ്ഥ ലംഘിച്ച് മെഡിക്കല്‍ കോളജ് അധികൃതര്‍ ഒരു വ്യക്തിയുടെപേരില്‍ സ്ഥാപനം നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. ഇതിലേക്ക് വാടകയിനത്തില്‍ മെഡിക്കല്‍ കോളജിന് പണം ഒന്നും ഇതുവരെ നല്‍കിയിട്ടില്ല. ഇവര്‍ ഉപയോഗിക്കുന്ന കറന്റ്, വെള്ളം എന്നിവയുടെ പൈസ മെഡിക്കല്‍ കോളജ് അധികൃതര്‍ ആണ് നല്‍കുന്നത്. സാധാരണക്കാരായ രോഗികള്‍ക്കുവേണ്ടി സ്ഥാപിച്ച കോഫി ഷോപ്പില്‍ ചായ ഉള്‍പ്പടെ ആഹാരസാധനങ്ങള്‍ക്ക് അമിതവിലയാണ് ഈടാക്കുന്നതെന്ന് നേരത്തെ പരാതിയുള്ളതാണ്. മെയ് 31നകം അടച്ചുപൂട്ടി നാളിതുവരെയുള്ള വരവുചെലവു കണക്കുകള്‍ പ്രിന്‍സിപ്പലിനെ ഏല്‍പ്പിക്കണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില വിദ്യാര്‍ഥികളുടെ മറവില്‍ സ്വകാര്യസ്ഥാപനം നടത്തുന്ന കോഫിഷോപ്പിന്റെ കണക്കുകള്‍ ഇതുവരെ പ്രിന്‍സിപ്പലിന് ലഭിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി കോഫിഷോപ്പ് അടപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടപ്പിച്ച കോഫിഷോപ്പ് തുറക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ ഇന്നലെ പഠിപ്പുമുടക്കി സമരം നടത്തിയത്. പ്രതിഷേധസമരത്തിനിടയില്‍ എന്‍ജിഒ, സി ഐടിയു തുടങ്ങിയ സംഘടനകള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചതായും കോഫിഷോപ്പിന് മുന്‍വശം എ ഐവൈഎഫ് സ്ഥാപിച്ച കൊടിമരവും ഫഌക്‌സ് ബോര്‍ഡും പ്രതിഷേധക്കാര്‍ നശിപ്പിച്ചതായാണ് പരാതി. അതേസമയം എഐവൈഎഫ് സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളും കൊടികളും നശിപ്പിച്ചതിനു പോലിസില്‍ പരാതിനല്‍കുകയും അനധികൃതമായി നേടിയ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് പരാതി നല്‍കി.
Next Story

RELATED STORIES

Share it