മെഡിക്കല്‍ കോളജിന് 13 വെന്റിലേറ്ററുകള്‍ നല്‍കും

കോഴിക്കോട്: മെഡിക്കല്‍ കോളജിന് 13 പുതിയ വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് ജില്ലയിലെ എംഎല്‍എമാരുടെ ഉറപ്പ്. നിപാ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണു തീരുമാനം.
എംഎല്‍എമാര്‍ തങ്ങളുടെ ആശുപത്രി വികസന ഫണ്ട് ഉപയോഗിച്ച് വെന്റിലേറ്ററുകള്‍ ലഭ്യമാക്കും. ബീച്ച് ആശുപത്രിയിലും പുതിയ രണ്ട് വെന്റിലേറ്ററുകള്‍ ഒരുക്കും. ജില്ലയിലെ എംപിമാരോടും വെന്റിലേറ്ററുകള്‍ അനുവദിക്കാന്‍ യോഗം അഭ്യര്‍ഥിച്ചു.
ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മാലിന്യനിര്‍മാര്‍ജനവും രോഗപ്രതിരോധവും ഉറപ്പാക്കുന്നതിന് ഈ മാസം 14നുള്ളില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും രാഷ്ട്രീയ പ്രതിനിധികളുടയും ജനപ്രതിനിധികളുടെയും യോഗം ചേരും. തുടര്‍ന്ന് പഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ യോഗംവിളിക്കും. വീടുകള്‍ മുതല്‍ ഓഫിസുകള്‍ വരെ ശുചീകരണം ഉറപ്പാക്കും. മറ്റു ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തും.
യോഗത്തില്‍ തൊഴില്‍-എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍, ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എംപിമാരായ എം കെ രാഘവന്‍, എം ഐ ഷാനവാസ്, എംഎല്‍എമാരായ ഡോ. എം കെ മുനീര്‍, എ പ്രദീപ്കുമാര്‍, സി കെ നാണു, പുരുഷന്‍ കടലുണ്ടി, വി കെ സി മമ്മദ്‌കോയ, പാറക്കല്‍ അബ്ദുല്ല, കെ ദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍, ജില്ലാ കലക്ടര്‍ യു വി ജോസ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍, സൂപ്രണ്ട് ഡോ. സജിത്ത് കുമാര്‍, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. ജി അരുണ്‍കുമാര്‍, എഡിഎം ടി ജനില്‍കുമാര്‍, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി പി കൃഷ്ണന്‍കുട്ടി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it