മെഡിക്കല്‍ ഓര്‍ഡിനന്‍സ് നിയമലംഘനത്തിന് കൂട്ടുനിന്നവര്‍ സഭാംഗത്വം ഒഴിയണം: എസ്ഡിപിഐ

കോഴിക്കോട്: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ നടത്തിയ വിദ്യാഭ്യാസ കച്ചവടത്തെ സഹായിക്കാന്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിയും ഒത്തൊരുമിച്ച് നിയമസഭയില്‍ പാസാക്കിയെടുത്ത ഓര്‍ഡിനന്‍സ് സുപ്രിംകോടതി റദ്ദാക്കിയതോടെ ഈ പാര്‍ട്ടികള്‍ക്കെല്ലാം നിയമസഭയില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു.
നിയമലംഘനം സാധൂകരിക്കുന്നതിന് നിയമസഭയെ ദുരുപയോഗം ചെയ്തവര്‍ സഭയുടെ അന്തസ്സ് കളഞ്ഞുകുളിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ കച്ചവടത്തിനെതിരേ ഏറ്റവുമധികം സമരം ചെയ്ത സിപിഎമ്മിന്റെ ഭരണത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കുവേണ്ടി നിയമത്തെ വെല്ലുവിളിക്കുന്നത് കൗതുകകരമാണ്. തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തില്‍ നിന്ന് മുതലാളിത്ത വര്‍ഗ രാഷ്ട്രീയത്തിലേക്ക് സിപിഎം ചുവടുമാറിയതിന്റെ പ്രത്യക്ഷ തെളിവുകളാണിത്.
യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സാമ്പത്തിക താല്‍പര്യങ്ങളാണ് കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ മേഖല തഴച്ചുവളരാനും വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കാനും ഇടയാക്കിയത്. സുപ്രിം കോടതി വിധിയോടെ നിരവധി വിദ്യാര്‍ഥികള്‍ വഴിയാധാരമായതിന്റെ ഉത്തരവാദിത്തം നിയമസഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളെല്ലാം ഏറ്റെടുക്കണം.
മുതലാളിമാരുടെ പണച്ചാക്കിന് മുന്നില്‍ നിയമവും ആദര്‍ശവും പണയംവച്ച് വിദ്യാര്‍ഥികളുടെ ഭാവി തുലയ്ക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരേ യുവതലമുറ പ്രതികരിക്കണമെന്നും അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it