thiruvananthapuram local

മെഡിക്കല്‍കോളജിലെ പിജി വിദ്യാര്‍ഥിക്കു മര്‍ദനം

തിരുവനന്തപുരം: മെഡിക്കല്‍കോളജിലെ പിജി വിദ്യാര്‍ഥിക്കു മര്‍ദനം. ഡോ. ശ്രീരാഗിനെയാണു താല്‍കാലിക ജീവനക്കാരനായ ഗോപന്‍ എന്നയാള്‍ മര്‍ദിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയോടെയാണ് സംഭവം. ശ്രീരാഗിന്റെ ബന്ധുവായ വേണുഗോപാല്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞശേഷം അദ്ദേഹം വീട്ടിലേക്കു പോവുകയും ചെയ്തു. ഈസമയം ചെലവായ തുകയുടെ ബില്ലുകള്‍ റീ ഇംബേഴ്‌സ്‌മെന്റിനായി ഡോക്ടറില്‍ നിന്നും ഒപ്പിട്ടുവാങ്ങിയ ശേഷം കാര്‍ഡിയാക് ഡിപ്പാര്‍ട്ട്‌മെന്റില്‍ സീല്‍ ചെയ്യാനായി എത്തിയതായിരുന്നു ശ്രീരാഗ്. ഈസമയം അവിടെയുണ്ടായിരുന്ന താല്‍കാലിക ജീവനക്കാരനായ ഗോപന്‍ എന്നയാള്‍ ശ്രീരാഗിനെ ഓഫിസനകത്തേക്കു കടക്കാന്‍ അനുവദിച്ചില്ല. അവിടെ ആരുമില്ലെന്നായിരുന്നു മറുപടി. താന്‍ ഇവിടെ കാത്തിരിക്കാമെന്നും അത്യാവശ്യമായതിനാല്‍ ഇന്നുതന്നെ സീല്‍ ചെയ്യണമെന്നും ശ്രീരാഗ് ഗോപനോട് പറഞ്ഞു. ഇതുകേട്ട ഗോപന്‍ അകാരണമായി ദേഷ്യപ്പെടുകയും ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെടുകയും ചെയ്തു. താന്‍ ഇവിടുത്തെ ഒരു ഡോക്ടറാണെന്നും അതിനാല്‍ സീല്‍ ചെയ്തശേഷം മടങ്ങിപ്പോവാമെന്നും ശ്രീരാഗ് അറിയിച്ചു. തുടര്‍ന്ന് ഗോപന്‍ ശ്രീരാഗിന്റെ ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ ശ്രീരാഗ് തിരിച്ചും കാര്‍ഡ് ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. ഇതിനിടെ ഓഫിസിനകത്തേക്കു കടന്ന ഗോപന്‍ തിരികെയെത്തി ശ്രീരാഗിനോട് ഓഫിസിനകത്ത് സീനിയര്‍ ഉദ്യോഗസ്ഥന്‍ വിളിക്കുന്നുവെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് അകത്തുകടന്ന ശ്രീരാഗിനെ മുറിക്കുള്ളില്‍ കടന്നതും അവിടെയുണ്ടായിരുന്ന കേരള ഹാര്‍ട്ട് ഫൗണ്ടേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ജെയിംസ് രാജും ഗോപനും ചേര്‍ന്ന് പൂട്ടിയിട്ടു. തുടര്‍ന്ന് ജെയിംസ് രാജ് സൂപ്രണ്ടിനെ ഫോണില്‍ വിളിച്ച് ഇന്നയാളെ മുറിയില്‍ പൂട്ടിയിട്ട വിവരം അറിയിച്ചു. അടിയന്തരമായി മുറിക്കുള്ളില്‍നിന്നും ശ്രീരാഗിനെ തുറന്നുവിടാന്‍ സൂപ്രണ്ട് ആവശ്യപ്പെട്ടതനുസരിച്ച് ഇരുവരുംചേര്‍ന്ന് ഇയാളെ മുറിക്കു പുറത്തേക്കു പിടിച്ചുതള്ളി. ഉടന്‍തന്നെ ശ്രീരാഗ് മറ്റു ഡോക്ടര്‍മാരെയും സൂപ്രണ്ടിനെയും വിവരമറിയിച്ചു. തുടര്‍ന്ന് മറ്റു ഡോക്ടര്‍മാര്‍ എത്തിയപ്പോഴേക്കും ഇരുവരും രക്ഷപ്പെടുകയായിരുന്നു. സൂപ്രണ്ടിന്റെ നിര്‍ദേശാനുസരണം പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it