മെഡലുകള്‍ കുന്നോളം; ജീവിതം മുള്‍മുനയില്‍

എപി ഷഫീഖ്

മീറ്റുകള്‍ എന്നും ആഘോഷങ്ങളാണ്. ഓരോ മീറ്റുകളിലും വിജയ രഹസ്യവും പരാജയ കഥയും പറയാന്‍ നിരവധി പേരുണ്ടാവും. അതാതു മീറ്റിലെ വിജയ താരങ്ങള്‍ ഹീറോകളെ പോലെ തലയുയര്‍ത്തി നില്‍ക്കുന്നത് നാം കാണുകയും ചെയ്യും. എന്നാല്‍, നിരവധി മെഡലുകളും നേട്ടങ്ങളും താണ്ടിയവര്‍ ജീവിതത്തില്‍ കരകാണാതെ വിഷമിക്കുന്നത് കാണാന്‍ ചിലപ്പോള്‍ ആരുമുണ്ടാവാറില്ല.
കായിക താരമാവാന്‍ കൊതിച്ചവരില്‍ പലരും ജീവിതം കെട്ടിപിടിക്കാനായി കൂലി തൊഴിലും മറ്റും ചെയ്യുന്നവര്‍ പല സംസ്ഥാനത്തും നിരവധിയാണ്. ഇവയിലെല്ലാം കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പുരോഗതി കൈവരിക്കുന്നവരാണ്. എങ്കിലും അധികൃതരുടെ കണ്ണില്‍ പെടാതെ പോവുന്നവരോ തഴയപ്പെടുന്നവരോ ഇന്നും നമ്മുടെ കൊച്ചു കേരളത്തിലുണ്ട് എന്നത് ഒരു നഗ്ന സത്യമാണ്.
61ാമത് ദേശീയ സ്‌കൂള്‍ മീറ്റിന് ഇന്നലെ കോഴിക്കോട് കൊടിയേറിയപ്പോള്‍ കായിക ജീവിതം ലക്ഷ്യം കാണാതെ പോവുമോയെന്ന ആശങ്കയിലാണ് അബ്ദുസമദ്. കേരളകരയ്ക്ക് അബ്ദുസമദെന്ന കായിക താരത്തെ സുപരിചിതമാണ്. മുന്‍ ദേശീയ, സംസ്ഥാന മെഡല്‍ ജേതാവായ സമദ് ഓരോ മീറ്റിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാറുമുണ്ട്. ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചിയില്‍ ഇതിനു മുമ്പ് കേരളം ദേശീയ സ്‌കൂള്‍ മീറ്റിനെ വരവേറ്റപ്പോള്‍ സമദ് വാര്‍ത്തകളില്‍ നിറസാന്നിധ്യമായിരുന്നു. അന്ന് സബ്ജൂനിയറില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പെടെ നാലു മെഡലുകള്‍ കേരളത്തിനു വേണ്ടി വാരികൂട്ടിയ സമദ് മീറ്റിലെ വ്യക്തിഗത ചാംപ്യന്‍പട്ടവും കരസ്ഥമാക്കി. 100 മീറ്റര്‍, 4-100 റിലേ, ലോങ് ജംപ് എന്നിവയില്‍ സ്വര്‍ണം നേടിയ സമദ് 200 മീറ്ററില്‍ വെള്ളിയും കഴുത്തിലണിയുകയായിരുന്നു.
ആറ് ദേശീയ സ്‌കൂള്‍ മീറ്റിലും സംസ്ഥാന മീറ്റിലും ട്രാക്കില്‍ തന്റെ കാലൊച്ച പതിച്ച സമദ് നിരവധി മെഡലുകള്‍ തന്റെ കായിക ജീവിതത്തില്‍ സ്വന്തമാക്കി. പല മീറ്റിലും റെക്കോഡുകളും സമദെന്ന കായിക താരം കൈപിടിയിലൊതുക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ 46ഉം ദേശീയ മീറ്റില്‍ 26ഉം മെഡലുകള്‍ സ്വന്തമാക്കിയ സമദെന്ന കായിക പ്രതിഭ ഇന്ന് തിരശ്ലീലയ്ക്കു പിറകിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ഒപ്പം താന്‍ സ്വപ്‌നം കണ്ട കായിക ഭാവിയും കൈവിട്ടു പോവുമോയെന്ന ആശങ്കയും സമദിനെ അലട്ടി കൊണ്ടിരിക്കുകയാണ്.
സമദിനൊപ്പം ട്രാക്കിനെ അവിസ്മരണീയമാക്കിയവര്‍ ജീവിതത്തിലും കായിക ഭാവിയിലും നേട്ടങ്ങളുണ്ടാക്കിയവര്‍ നിരവധിയാണ്. ജോലിയും മികച്ച പരിശീലനവും തന്റെ മുന്‍ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുമ്പോള്‍ സമദ് ഇന്നും ഭാവി എങ്ങോട്ട് എന്ന് ചോദ്യത്തിന് മുന്നില്‍ നിശ്ചലനായിരിക്കുകയാണ്. കഴിഞ്ഞ തവണ പരിക്കുകള്‍ സമദിന്റെ കായിക ജീവിതത്തില്‍ മറ്റൊരു കയ്പുനീരായി.
ഇതിനിടെ സ്‌പോര്‍ട്‌സ് കൗണ്‍സിലിലോ എലൈറ്റ് കോച്ചിങ് സെന്ററിലോ കയറിപറ്റാനുള്ള താരത്തിന്റെ നീക്കവും പാളി. അന്താരാഷ്ട്ര കാറ്റഗറിയിലെ മീറ്റില്‍ പ്രകടനം കാഴ്ചവച്ചവര്‍ക്കേ ഇവയില്‍ പ്രവേശനത്തിന് സാധിക്കുകയുള്ളൂവെന്നാണ് അധികൃതരുടെ വാദം. പക്ഷേ, ഇവ മറികടന്ന് നിരവധി താരങ്ങള്‍ ഈ രണ്ട് അക്കാദമികളിലും ഇന്ന് പരിശീലിക്കുന്നുണ്ട് എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ഈ വര്‍ഷം സെന്റ് തോമസ് ലിജോ ടോട്ടാണിയുടെ കീഴില്‍ ഭേദപ്പെട്ട പ്രകടനമാണ് ഫെഡറേഷന്‍ മീറ്റിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മീറ്റിലും സമദ് കാഴ്ചവച്ചത്.
തൃശ്ശൂര്‍ സെന്റ് തോമസ് കോളജിലെ ബികോം രണ്ടാം വര്‍ഷം വിദ്യര്‍ഥിയായ സമദ് അഞ്ചച്ചവടി ആറങ്ങോടന്‍ മുഹമ്മദലിയുടെയും മൈമൂനയുടെയും മകനാണ്.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലോ എലൈറ്റ് അക്കാദമിയിലോ പരിശീലനം നേടുകയാണ് തന്റെ ലക്ഷ്യം ഇതിന് അധികൃതരുടെ ഭാഗത്തുനിന്ന് സഹായമുണ്ടാവുമെന്ന് വിശ്വസിക്കുന്നതായി സമദ് പറഞ്ഞു.
Next Story

RELATED STORIES

Share it