ernakulam local

മെട്രോ സൗന്ദര്യവല്‍ക്കരണ ഭൂമിയിലെ കൈയേറ്റം; ഭരണകക്ഷിക്ക് മൗനം

ആലുവ: മെട്രോ സൗന്ദര്യവല്‍ക്കരണ ഭൂമി കൈയേറി ഓഫിസ് നിര്‍മിച്ചതില്‍ നഗരസഭ ഭരണ കക്ഷിക്ക് മൗനം. സ്വകാര്യ ബസ്സ്റ്റാന്റിന് പിറകുവശത്തെ നഗരസഭ കെട്ടിടത്തിന് സമീപത്തെ മൂന്ന് സെന്റോളം വരുന്ന ഭൂമിയിലാണ് ഐഎന്‍ടിയുസി കൈയേറി യൂനിയന്‍ ഓഫിസ് സ്ഥാപിച്ചത്.
മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് കയറ്റിറക്ക് തൊഴില്‍ ചെയ്യുന്നവരുടെ ഓഫിസാണ് ആലുവ മേല്‍പ്പാലത്തിന് താഴെ പ്രവര്‍ത്തിക്കുന്നത്. നഗരസഭ ഭരണപക്ഷത്തെ പ്രമുഖനായ നേതാവാണു യൂനിയന്റെ നേതൃത്വം വഹിക്കുന്നത്. മൂന്ന് മാസം മുന്‍പ് ഇതേ ഭൂമി കൈയേറിയ ചെറുകിട കച്ചവടക്കാരെ നോട്ടീസ് നല്‍കി നഗരസഭ ഒഴിപ്പിച്ചിരുന്നു. വര്‍ഷങ്ങളായി ഈ പ്രദേശത്ത് കച്ചവടം നടത്തി വന്ന ചെറുകിട വ്യാപാരിയാണു സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ ഇരിപ്പിടം നഷ്ടപ്പെട്ടപ്പോള്‍  താല്‍ക്കാലികമായി പെട്ടികടകള്‍ മാറ്റി സ്ഥാപിച്ചിരുന്നത്. ഈ പെട്ടിക്കട നിമിഷ നേരം കൊണ്ട് ഒഴിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് ഇപ്പോള്‍ അനധികൃത ഓഫിസ് നിര്‍മിക്കാന്‍ ഒത്താശ ചെയ്ത ഭരണകക്ഷി നേതാവ് തന്നെയാണ്. കഴിഞ്ഞ ദിവസത്തെ ഒഴിവ് ദിവസങ്ങളില്‍ നഗരസഭാ നടപടികള്‍ വൈകുമെന്ന് മനസ്സിലാക്കിയാണു കൈയേറ്റം. കൈയേറ്റം പൊളിച്ചുനീക്കാത്ത പക്ഷം ഇതേ സ്ഥലത്ത് വിവിധ തൊഴിലാളി സംഘടനകളും ഓഫിസ് നിര്‍മിക്കുവാനാണ് തീരുമാനം.
Next Story

RELATED STORIES

Share it