ernakulam local

മെട്രോ: സ്ഥലം ഏറ്റെടുക്കല്‍ ചുമതലയുള്ള രണ്ടു തഹസില്‍ദാര്‍ ഓഫിസുകള്‍ അടച്ചു പൂട്ടണമെന്ന ഉത്തരവ് റദ്ദാക്കി



കാക്കനാട്: മെട്രോ പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കല്‍ ചുമതലയുള്ള രണ്ടു തഹസില്‍ദാര്‍ ഓഫിസുകള്‍ അടച്ചു പൂട്ടണമെന്ന ഉത്തരവ് റദ്ദാക്കി. മെട്രോ റയില്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് വേണ്ടി തുറന്ന തഹസില്‍ദാര്‍ ഓഫിസുകള്‍ അടച്ചുപൂട്ടാന്‍ രണ്ടാഴ്ച മുമ്പാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. അതിന്റെ നടപടികള്‍ നടക്കുന്നതിനിടയിലാണ് അതേ ഓഫിസുകള്‍ നിലനിര്‍ത്താന്‍ വീണ്ടും സര്‍ക്കാര്‍ ഉത്തരവുണ്ടായത്. മെട്രോ പദ്ധതിക്കായി മൂന്നു തഹസില്‍ദാര്‍ ഓഫിസുകളാണുള്ളത്. രണ്ടെണ്ണം കലക്ടറേറ്റിലെ മെട്രോ ഡപ്യൂട്ടി കലക്ടറുടെ ഓഫിസിലും ഒരെണ്ണം വൈറ്റിലയിലുമാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ഡപ്യൂട്ടി കലക്ടറുടെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന ഒന്നും വൈറ്റിലയിലേതുമാണ് നിര്‍ത്തലാക്കാന്‍ സര്‍ക്കാരില്‍ നിന്നും ഉത്തരവ് വന്നത്. ഈ ഓഫിസുകളില്‍ മുപ്പതോളം ജീവനക്കാരുണ്ട്. മറ്റു റവന്യൂ വിഭാഗങ്ങളില്‍ നിന്നും ഡപ്യൂട്ടേഷനില്‍ എത്തിയിട്ടുള്ളവരാണ്. ഈ രണ്ട് ഓഫിസുകള്‍ നിര്‍ത്തലാക്കുന്നതോടെ മെട്രോ പദ്ധതിക്കായി ഇനി സ്ഥലം ഏറ്റെടുക്കുന്ന നടപടികളില്‍ കാലതാമസം ഉണ്ടാവുമെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ആ രണ്ടു ഓഫിസുകളും തുടര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് വന്നത്. വൈറ്റില മുതല്‍ പേട്ട വരെയുള്ള സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. ഇനി പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഭാഗത്തും രണ്ടാം ഘട്ടം പാലാരിവട്ടം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെയുമാണ് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തികരിക്കാനുള്ളത്.
Next Story

RELATED STORIES

Share it