ernakulam local

മെട്രോ യാര്‍ഡിന് മുമ്പില്‍ സ്ഥലം വിട്ടുനല്‍കിയവരുടെ ധര്‍ണ നാളെ



ആലുവ: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയുടെ നിര്‍മാണത്തിനായി ഹെക്ടര്‍ കണക്കിന് പാടശേഖരം നിസാര വിലക്ക് ഏറ്റെടുക്കുമ്പോള്‍ ഭൂവുടമകള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്തതിനെതിരേ ജനകീയ സമരം ആരംഭിക്കുമെന്ന് ചവര്‍പാടം മുട്ടത്ത് പുഞ്ച ഭൂവുടമ സമിതി ചെയര്‍മാന്‍ സി പി നാസറും കണ്‍വീനര്‍ കെ എ അലിയാരും അറിയിച്ചു.ആദ്യഘട്ട സമരത്തിന്റെ ഭാഗമായി നാളെ രാവിലെ ഒന്‍പതിന് മുട്ടം മെട്രോ യാര്‍ഡിന് മുമ്പില്‍ സ്ഥലം വിട്ടുനല്‍കിയ ഭൂവുടമകളും നാട്ടുകാരും ധര്‍ണ നടത്തും. മെട്രോ യാര്‍ഡ് നിര്‍മാണത്തിനായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് മെട്രോയില്‍ തൊഴിലവസരങ്ങളില്‍ മുന്‍ഗണന നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ ആര്‍ക്കും ജോലി നല്‍കിയിട്ടില്ല. പത്ത് സെന്റിന് മുകളില്‍ സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് പകരമായി അഞ്ച് സെന്റും പത്ത് സെന്റില്‍ താഴെ സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് രണ്ട് സെന്റും നികത്തി വഴി സൗകര്യം ഉള്‍പെടെ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതും നടപ്പായില്ല. മുന്‍ ജില്ലാ കലക്ടറായിരുന്ന ഷേയ്ഖ് പരീതിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം എടുത്തത്.ദേശീയപാതയില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലത്തിലുള്ള പാടശേഖരമാണ് മെട്രോ യാര്‍ഡിനായി ഏറ്റെടുത്തത്. തലമുറകളായി ഉപയോഗിക്കുന്ന ഭൂമി വരും തലമുറക്ക് ഏറെ പ്രയോജനപ്പെടും എന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. എന്നിട്ടും സംസ്ഥാനത്തിന്റെ പൊതുവികസനമെന്ന നിലയിലാണ് ഉപാധികളോടെ വിട്ടുനല്‍കിയത്.മൂന്ന് വര്‍ഷം പിന്നിട്ടിട്ടും പാക്കേജ് പാലിക്കാത്ത സാഹചര്യത്തിലാണ് സമരം ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സമരം അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എ പി ഉദയകുമാര്‍, സിപിഎം ഏരിയ സെക്രട്ടറി വി സലിം സംസാരിക്കും. ഭൂവുടമ സമിതി ഭാരവാഹികളായ ഷാജി കരുണ, എം വി സലിം, സാദിക്ക് വാടാപ്പിള്ളി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it