മെട്രോ കോച്ചുകള്‍ കൊച്ചിയിലെത്തി

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ട്രെയിന്‍ കോച്ചുകള്‍ കൊച്ചിയിലെത്തി. ഇന്നലെ വൈകീട്ട് 3.20 ഓടെ ആലുവയില്‍ എത്തിയ കോച്ചുകള്‍ക്ക് എംഎല്‍എ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്വീകരണം നല്‍കി. ആലുവ പുളിഞ്ചോടിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന കോച്ചുകള്‍ കയറ്റിയ ട്രെയിലറുകള്‍ ഇന്ന് രാവിലെ 8.30ന് മുട്ടം യാര്‍ഡിലേക്ക് മാറ്റും.
കഴിഞ്ഞ രണ്ടിനാണ് മെട്രോ കോച്ചുകളും വഹിച്ചുകൊണ്ടുള്ള മൂന്ന് ട്രെയിലറുകള്‍ ആന്ധ്രയിലെ ശ്രീസിറ്റിയില്‍ നിന്നു കൊച്ചിയിലേക്ക് യാത്രതിരിച്ചത്. കോച്ചുകളുടെ നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്ന ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനിയായ അല്‍സ്റ്റോമിന്റെ ശ്രീ സിറ്റി പ്ലാന്റില്‍ നടന്ന കൈമാറ്റച്ചടങ്ങിന് ശേഷമാണ് കൂറ്റന്‍ ട്രെയിലറുകളില്‍ കോച്ചുകള്‍ യാത്രതുടങ്ങിയത്. പകല്‍സമയത്തെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് രാത്രിസമയങ്ങളിലായിരുന്നു പലപ്പോഴും യാത്ര. പരീക്ഷണ ഓട്ടത്തിനും സാങ്കേതിക വിലയിരുത്തലുകള്‍ക്കും പുനക്രമീകരണങ്ങള്‍ക്കും ആവശ്യമായ ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് ഇപ്പോള്‍ എത്തുന്നത്. അടുത്ത സെറ്റ് കോച്ചുകള്‍ മെട്രോ റെയില്‍ സര്‍വീസ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഏപ്രില്‍ മാസത്തോടെയാവും എത്തുക. നാലു മാസത്തേക്ക് പരീക്ഷണ ഓട്ടത്തിനും മറ്റ് പരിശോധനകള്‍ക്കും ഒരു ട്രെയിന്‍ മതിയാവും.
കൊച്ചി മെട്രോ റെയിലില്‍ ഓടുന്ന ട്രെയിനുകള്‍ ദിവസേന കൊണ്ടുവന്നിടാനും അറ്റകുറ്റപ്പണികള്‍ നടത്താനും ആലുവയ്ക്കടുത്ത് മുട്ടത്ത് നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന യാര്‍ഡിലേക്കാണ് കോച്ചുകള്‍ എത്തിക്കുന്നത്. ഫെബ്രുവരി 23നാണ് മെട്രോ റെയില്‍പ്പാതയിലൂടെയുള്ള ആദ്യ പരീക്ഷണ ഓട്ടം നടക്കുക. 22 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമുള്ളതാണ് ഓരോ കോച്ചും. ഡ്രൈവര്‍മാരില്ലാതെയും ഓടിക്കാന്‍ കഴിയുന്ന വിധത്തിലാണ് കോച്ചുകളുടെ രൂപകല്‍പ്പന. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് കോച്ചുകളുടെ നിര്‍മാണം തുടങ്ങിയത്.
Next Story

RELATED STORIES

Share it