Flash News

മെട്രോ കുതിക്കാന്‍ ദിവസങ്ങള്‍ മാത്രം

കൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയിലേറി കുതിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. സര്‍വീസ് നടത്താന്‍ കൊച്ചി മെട്രോയ്ക്ക് മെട്രോ റെയില്‍ സുരക്ഷാ പരിശോധനാ സംഘത്തിന്റെ പച്ചക്കൊടി. കൊച്ചി മെട്രോയുടെ സുരക്ഷയില്‍ പൂര്‍ണ തൃപ്തരാണെന്ന് മെട്രോ റെയില്‍ സുരക്ഷാ പരിശോധനാ സംഘം. കൊച്ചി മെട്രോയ്ക്ക് സര്‍വീസ് അനുമതി നല്‍കുന്നതിനു മുന്നോടിയായി മൂന്നുദിവസം നീണ്ടുനിന്ന അന്തിമ പരിശോധനയ്ക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. കമ്മീഷണര്‍ ഓഫ് റെയില്‍വേ സേഫ്റ്റി കെ എ മനോഹരന്റെ നേതൃത്വത്തില്‍ ബംഗളൂരു സതേണ്‍ സര്‍ക്കിളില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിശോധനാ റിപോര്‍ട്ട് ഈ മാസം 8ന് സമര്‍പ്പിക്കും. യാത്രക്കാര്‍ക്ക് അറിയിപ്പുകള്‍ നല്‍കുന്ന സംവിധാനത്തിലും ചില സ്‌റ്റേഷനുകളില്‍ കാമറ സ്ഥാപിക്കുന്നതിലും ചെറിയ പോരായ്മകളുണ്ടെന്ന് സംഘം വിലയിരുത്തി. ഇവ പരിഹരിക്കാന്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡി(കെഎംആര്‍എല്‍)ന് നിര്‍ദേശം നല്‍കി. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ ഉറപ്പുനല്‍കി. ആലുവ മുട്ടം മുതല്‍ പാലാരിവട്ടം വരെയുള്ള 13.2 കിലോമീറ്റര്‍ ദൂരമാണ് സംഘം മൂന്നുദിവസങ്ങളിലായി പരിശോധിച്ചത്. എല്ലാ സ്‌റ്റേഷനുകളുടെയും സുരക്ഷാസംവിധാനം മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് സംഘം പറഞ്ഞു. ബംഗളൂരു, ചെന്നൈ തുടങ്ങിയ മെട്രോ സ്‌റ്റേഷനുകളേക്കാള്‍ നിലവാരത്തിലാണ് കൊച്ചി മെട്രോയുടെ സ്‌റ്റേഷനുകളെന്ന് പരിശോധനാ സംഘത്തിന് നേതൃത്വം വഹിച്ച റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ കെ എ മനോഹരന്‍ പറഞ്ഞു. സ്‌റ്റേഷനിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള സൗകര്യങ്ങള്‍, ട്രാക്ക്, സിഗ്‌നല്‍, യാത്രക്കാര്‍ക്കുള്ള ദിശാസൂചകങ്ങള്‍, വിവരം അറിയാനുള്ള സംവിധാനം, കണ്‍ട്രോള്‍ റൂം, ദുരന്തനിവാരണ സംവിധാനങ്ങള്‍, ഫയര്‍ അലാറം, എസ്‌കലേറ്റര്‍, ലിഫ്റ്റ്, സ്‌റ്റേഷനുകളിലെ ശൗചാലയം, കുടിവെള്ള ലഭ്യത, ടിക്കറ്റിങ്, ഓഫിസ്, കസ്റ്റമര്‍ കെയര്‍ സംവിധാനം, വിവരങ്ങള്‍ അനൗണ്‍സ് ചെയ്യുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം സംഘം പരിശോധിച്ചു. അവസാന ദിവസം ചങ്ങമ്പുഴ പാര്‍ക്ക് മുതല്‍ പാലാരിവട്ടം സ്‌റ്റേഷനുകളും മുട്ടം ഡിപ്പോയും സന്ദര്‍ശിച്ചു. മുട്ടം യാര്‍ഡിലെ കൊച്ചി മെട്രോയുടെ ഓപറേഷന്‍ കണ്‍ട്രോള്‍ യൂനിറ്റും(ഒസിയു) അനുബന്ധ സൗകര്യങ്ങളും സംഘം സന്ദര്‍ശിച്ചു. മെട്രോ ജീവനക്കാര്‍ക്ക് നല്‍കിയ പരിശീലനത്തിന്റെ വിശദാംശങ്ങളും സംഘം വിലയിരുത്തി. സര്‍വീസ് ആരംഭിക്കുന്നതിനുള്ള മുഴുവന്‍ കടമ്പയും കൊച്ചി മെട്രോ കടന്നെന്ന് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു. ഫിനാന്‍സ് ഡയറക്ടര്‍ അബ്രഹാം ഉമ്മന്‍, സിസ്റ്റം ഡയറക്ടര്‍ പ്രവീണ്‍ ഗോയല്‍, പ്രൊജക്ട് ഡയറക്ടര്‍ തിരുമന്‍ അര്‍ജുനന്‍, റെയില്‍വേ സേഫ്റ്റി ഡെപ്യൂട്ടി കമ്മീഷണര്‍മാരായ ജി പി ഗാര്‍ഗ്, കെ ആര്‍ പ്രകാശ്, എം എന്‍ അതാനി പങ്കെടുത്തു.
Next Story

RELATED STORIES

Share it