Flash News

മെട്രോയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചതായി ഭിന്നലിംഗക്കാര്‍ ; നിയമനം കെഎംആര്‍എല്ലിന്റെ പരിഗണനയില്‍



കൊച്ചി: മെട്രോയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി ഭിന്നലിംഗക്കാരായ ശാന്തിയും ആതിരയും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഫെബ്രുവരി 1 മുതല്‍ ഇവര്‍ കൊച്ചി മെട്രോയില്‍ ജോലിക്കാര്‍ക്കായി സംഘടിപ്പിച്ച പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. പരിശീലനത്തിനുശേഷം ഹൗസ്‌കീപ്പിങ് സെക്ഷനില്‍ നിയമനം നല്‍കുമെന്നാണ് മെട്രോ അധികൃതര്‍ അറിയിച്ചത്. അതു വിശ്വസിച്ച് നിലവില്‍ ചെയ്ത ജോലിപോലും ഉപേക്ഷിച്ചാണ് സ്ഥിരം തൊഴില്‍ സ്വപ്‌നം കണ്ട് ഒരുമാസം നീണ്ടുനിന്ന പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. പഠിപ്പും പ്രായവും കാര്യമില്ലെന്ന് ആദ്യം പറഞ്ഞ കുടുംബശ്രീ അധികൃതര്‍ പിന്നീട് ഇക്കാര്യം പറഞ്ഞ് തങ്ങള്‍ക്ക് ജോലി നിഷേധിച്ചെന്ന് ഇരുവരും പറഞ്ഞു. ഹൗസ്‌കീപ്പിങ് വിഭാഗത്തിലാണ് ഇവര്‍ക്ക് പരിശീലനം ലഭിച്ചത്. പരിശീലനം പൂര്‍ത്തിയാക്കിയ 23 ഭിന്നലിംഗക്കാരില്‍ 12 പേര്‍ക്കു മാത്രമാണു നിയമനം നല്‍കിയത്. ഇതില്‍ മറ്റു ജില്ലകളില്‍നിന്നുള്ളവരുമുണ്ട്. എറണാകുളം ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടെന്ന് അറിയിച്ചശേഷം മറ്റു ജില്ലകളിലുള്ളവര്‍ക്ക് തൊഴില്‍ നല്‍കിയത് ചതിയാണ്. ജോലിയുടെ കാര്യത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഒത്തുകളി നടന്നിട്ടുള്ളതായി സംശയിക്കുന്നു. നിലവിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതിനാല്‍ ഇപ്പോള്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതായി. ആറുവര്‍ഷമായി ഒരു ആഡംബര ഹോട്ടലില്‍ പണിയെടുത്തിരുന്ന ആതിര മെട്രോയിലെ ജോലിക്കായി ആ ജോലി ഉപേക്ഷിച്ചു. ജോലി ഇല്ലാതായതോടെ ജീവിതം വഴിമുട്ടി. തയ്യല്‍ജോലികള്‍ ചെയ്താണ് ശാന്തി ജീവിച്ചിരുന്നത്. മെട്രോയിലെ ജോലി പ്രതീക്ഷിച്ച് തയ്യല്‍ജോലി ഉപേക്ഷിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ഇതുവരെയും അറിയിപ്പു ലഭിച്ചിട്ടില്ല. ജോലിയുടെ കാര്യം അനിശ്ചിതത്വത്തിലായതോടെ അപമാനവും അവഹേളനവും ഭയന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. 23 ഭിന്നലിംഗക്കാര്‍ക്ക് മെട്രോയില്‍ ജോലി ലഭിച്ചെന്ന പ്രചാരണം ശരിയല്ല. യഥാര്‍ഥത്തി ല്‍ 12 പേര്‍ മാത്രമാണ് ജോലിക്കു ചേര്‍ന്നിട്ടുള്ളത്. ഇതുസംബന്ധിച്ച് കുടുംബശ്രീ, കെഎംആര്‍എല്‍, പോലിസ് ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി ന ല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇരുവരും പറഞ്ഞു. എന്നാ ല്‍, ഇവരുടെ ആരോപണങ്ങള്‍ കുടുംബശ്രീ അധികൃതര്‍ തള്ളി. തങ്ങള്‍ നല്‍കിയ ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റില്‍ ആതിരയും ശാന്തിയും ഉള്‍പ്പെട്ടിരുന്നതായി കുടുംബശ്രീ അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഹൗസ്‌കീപ്പിങിന് യോഗ്യതയായി നിശ്ചയിച്ചിരുന്ന എട്ടാംക്ലാസ് വിദ്യാഭ്യാസമില്ലാത്തതിനാല്‍ ഇവര്‍ ഒഴിവാക്കപ്പെടുകയായിരുന്നു. ഇവരെ ഉദ്യോഗത്തിനായി പരിഗണിക്കണമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ പരിശീലനം നല്‍കാന്‍ തയ്യാറാണെന്നും കാട്ടി കെഎംആര്‍എല്‍ എംഡിക്ക് കഴിഞ്ഞയാഴ്ച വീണ്ടും കത്ത് നല്‍കിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാവുമെന്നാണു പ്രതീക്ഷയെന്നും കുടുംബശ്രീ വൃത്തങ്ങള്‍ അറിയിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ ഭിന്നലിംഗക്കാര്‍ക്കെല്ലാം  ജോലിയില്‍ ചേരാനുള്ള അറിയിപ്പു നല്‍കിയെങ്കിലും മോഡലിങിലും സിനിമയിലും അവസരങ്ങള്‍ ലഭിച്ചതിനാല്‍ തല്‍ക്കാലം ഒഴിവാക്കിത്തരണമെന്ന് കുറച്ച് ഭിന്നലിംഗക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്ന് കുടുംബശ്രീ അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it