Flash News

മെട്രോയില്‍ ചോര്‍ച്ച; എസിയുടെ തകരാറെന്ന് കെഎംആര്‍എല്‍

മെട്രോയില്‍ ചോര്‍ച്ച; എസിയുടെ തകരാറെന്ന് കെഎംആര്‍എല്‍
X


കൊച്ചി: മഴയെ തുടര്‍ന്ന് കൊച്ചി മെട്രോയുടെ ബോഗിയില്‍ ചോര്‍ച്ചയെന്ന തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. എന്നാല്‍ ചോര്‍ച്ചയല്ല, എയര്‍കണ്ടീഷനിങ് സംവിധാനത്തിലുണ്ടായ തകരാറാണ് വെള്ളം ബോഗിയില്‍ വീഴുന്നതിനു കാരണമായതെന്ന വിശദീകരണവുമായി കെഎംആര്‍എല്‍ രംഗത്തെത്തി. ബോഗിയിലെ എസിയുമായി ബന്ധിപ്പിച്ചിരിക്കുന്ന പൈപ്പില്‍ പൊട്ടലുണ്ടായതാണ് തകരാറിനു പിന്നിലെന്നു പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും ചെറിയ തകരാറായതിനാല്‍ ഉടന്‍ തന്നെ പരിഹരിക്കുമെന്നും കെഎംആര്‍എല്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മറ്റ് കാബിനുകള്‍ക്കുള്ളില്‍ ഇത്തരത്തില്‍ തകരാറുകളുണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്നലെയാണ് മെട്രോയില്‍ ചോര്‍ച്ചയുണ്ടായെന്ന തരത്തില്‍ 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്ന് ട്രെയിന്‍ മുട്ടം സ്റ്റേഷനിലെത്തിയതായും കാണാന്‍ സാധിക്കും. ഫേസ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്തുതുടങ്ങിയതോടെയാണ് കെഎംആര്‍എല്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഉന്നത നിലവാരത്തില്‍ നിര്‍മിച്ചിരിക്കുന്ന മെട്രോയുടെ കോച്ചുകള്‍ ഒരു കാരണവശാലും ചോരുകയില്ല. ആളുകളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യരുതെന്നും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. ഈ മാസം 17നാണ് കൊച്ചി മെട്രോ പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചത്. 19 മുതലാണ് പൊതുജനത്തിനായി മെട്രോ തുറന്നുകൊടുത്തത്. അന്നു മുതല്‍ ഇതുവരെ യാത്രക്കാരുടെ വന്‍തിരക്കാണ് മെട്രോയില്‍ അനുഭവപ്പെടുന്നത്.
Next Story

RELATED STORIES

Share it