ernakulam local

മെട്രൊ നിര്‍മാണം: ശോച്യാവസ്ഥയിലായ കാനകള്‍ വൃത്തിയാക്കും- മേയര്‍

കൊച്ചി: മെട്രൊ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ശോച്യാവസ്ഥയിലായ നഗരത്തിലെ കാനകള്‍ എത്രയും വേഗം ശുചീകരിക്കുമെന്ന് മേയര്‍ സൗമിനി ജെയിന്‍. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് മേയര്‍ ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.
മെട്രൊ നിര്‍മാണത്തിന്റെ പേരില്‍ എംജി റോഡിലെയും കലൂര്‍ ഭാഗത്തെയും കാനകളില്‍ അവശിഷ്ടങ്ങള്‍ കുന്നുകൂടി കിടക്കുകയാണെന്ന് അംഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. കാന ശുചീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കെഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിക്കുമെന്ന് മേയര്‍ പറഞ്ഞു. ഒരു മാസം മുമ്പ് ഇതുസംബന്ധിച്ച് കെഎംആര്‍എല്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ല.
തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ് പേരണ്ടൂര്‍, രാമേശ്വരം കനാലുകള്‍ വൃത്തിയാക്കുന്നതിന് ടെന്‍ഡര്‍ നല്‍കിയില്ലെങ്കില്‍ നഗരവും സമീപ പ്രദേശങ്ങളും വെള്ളത്തിലാവുമെന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യെ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.
പെന്‍ഷന്‍ വിതരണത്തെ കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അവശേഷിക്കുന്ന ചെക്കുകള്‍ അതാത് ഡിവിഷനുകളിലെ കുടുംബശ്രീ അംഗങ്ങള്‍ വഴി വിതരണം ചെയ്യുമെന്ന് മേയര്‍ പറഞ്ഞു. ഡിവിഷന്‍ തലത്തില്‍ ചെക്കുകള്‍ പരിശോധിച്ച് കൗണ്‍സിലര്‍മാരുടെ സഹായത്തോടെ രണ്ടോ മൂന്നോ സ്ഥലം കേന്ദ്രീകരിച്ച് ചൊവ്വാഴ്ച മുതല്‍ ചെക്ക് വിതരണം ആരംഭിക്കും. 34,000 ചെക്കുകളില്‍ 7,636 എണ്ണം നല്‍കിക്കഴിഞ്ഞതായി ക്ഷേമകാര്യ സ്റ്റാന്റിങ് ചെയര്‍മാന്‍ എ ബി സാബു പറഞ്ഞു.
തീരദേശ നിയമപരിപാലനത്തിന്റെ പേരുപറഞ്ഞ് മല്‍സ്യ തൊഴിലാളികളുടെയും പാവങ്ങളുടെയും വീടുകളുടെ പ്ലാന്‍ തള്ളിക്കളയുന്നതായി അജണ്ട അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു. കേന്ദ്ര നിയമമായതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ നഗരസഭയ്ക്ക് കഴിയില്ല. എന്നാല്‍ പ്ലാനുകള്‍ പാസാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സഹായിക്കാമെന്ന് മേയര്‍ ഉറപ്പുനല്‍കി.
പശ്ചിമ കൊച്ചിയിലെയും പോണേക്കര ഉള്‍പ്പടെ നഗരപ്രദേശത്തിലെയും കുടിവെള്ള ക്ഷാമത്തെക്കുറിച്ച് കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടതോടെ തന്റെ അധ്യക്ഷതയില്‍ അടുത്ത ആഴ്ച വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് മേയര്‍ പറഞ്ഞു. ആവശ്യമില്ലാത്ത പൊതു ടാപ്പുകള്‍ നീക്കംചെയ്യണമെങ്കില്‍ അതാത് കൗണ്‍സിലര്‍മാര്‍ കത്തു നല്‍കണം.
മുണ്ടംവേലിയിലെ സീവേജ് പ്ലാന്റ് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ഹരിത ട്രിബ്യൂണലിന്റെ വിധിയില്‍ ദുരൂഹതയുള്ളതായി തമ്പി സുബ്രഹ്മണ്യം ആരോപിച്ചു. ബ്രഹ്മപുരത്തെ 20 ലോഡ് മാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്ന സെപ്‌റ്റേജ് പ്ലാന്റും വാത്തുരുത്തിയിലെ പുതിയ പ്ലാന്റിന്റെ നിര്‍മാണവും പൂര്‍ത്തിയാവുന്നതോടെ കക്കൂസ് മാലിന്യ സംസ്‌കരണ പ്രശ്‌നത്തിന് പരിഹാരമാവുമെന്ന് മേയര്‍ പറഞ്ഞു.
തീരദേശ പരിപാലന നിയമത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ നിരവധി സാധാരണക്കാര്‍ വീട് വെക്കാന്‍പോലും സാധിക്കാത്ത സ്ഥിതിയിലാണെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി ചൂണ്ടിക്കാട്ടി. സിആര്‍ഇസഡ് നിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതാണെന്നും നഗരസഭയ്ക്ക് അതില്‍ ഇടപെടുന്നതിന് പരമിതികളുണ്ടെന്നും മേയര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it