Kottayam Local

മെച്ചപ്പെട്ട ഓണ്‍ലൈന്‍ സേവനങ്ങളിലൂടെ എംജി സര്‍വകലാശാല വിദ്യാര്‍ഥി സൗഹൃദമാവുന്നു

കോട്ടയം: എംജി സര്‍വകലാശാലയില്‍ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങളായ ഓണ്‍ലൈന്‍ ഫീസ്, എലിജിബിലറ്റി, ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് പുറമെ ആറോളം സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും ഇനി മുതല്‍ ബഡ്ജറ്റ് മോണിറ്ററിങിന്റെ ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കും.
ഈ വിദ്യാര്‍ഥി സൗഹൃദ ഓണ്‍ലൈന്‍ സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം  28ന് രാവിലെ 10 ന്് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ നിര്‍വഹിക്കും. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും അപേക്ഷിക്കുവാനും അപേക്ഷയുടെ അടിസ്ഥാനത്തില്‍ യൂനിവേഴ്‌സിറ്റി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും, ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ ആണോ എന്ന് പരിശോധിക്കുവാനുമുള്ള ഓണ്‍ലൈന്‍ സംവിധാനമാണ് ഒരുങ്ങിയിരിക്കുന്നത്.
മൈഗ്രേഷന്‍സര്‍ട്ടിഫിക്കറ്റുകള്‍, മെട്രിക്കുലേഷന്‍, റെക്കൊഗ്‌നിഷന്‍, കോളജ് ട്രാന്‍സ്ഫര്‍, എന്‍എസ്എസ് അഡ്മിഷന്‍ മുതല്‍ ഗ്രേസ് മാര്‍ക്ക് ദാനം വരെ എന്നീ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും ഓണ്‍ലൈന്‍ മുഖേന ലഭ്യമാകും. ഇതിലൂടെ സര്‍വകലാശാല കൂടുതല്‍ വിദ്യാര്‍ഥി സൗഹൃദവും, ഓഫിസ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കൃത്യതയും വേഗതയും ആര്‍ജിക്കുമെന്നും വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു.
2018-19 ബജറ്റ് നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആരംഭിക്കുന്നത്. അടുത്ത മൂന്നുമാസത്തിനുള്ളില്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും പൂര്‍ണമായും ഓണ്‍ലൈനില്‍ ലഭ്യമാകുമെന്ന് ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഡോ. കെ ഷെറഫുദ്ദീന്‍ അറിയിച്ചു.
ഇതുമൂലം വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയിലെത്താതെ തന്നെ എസ്എംഎസിലൂടെ അപേക്ഷകളുടെ പുരോഗതി അറിയുവാന്‍ സാധിക്കും. വിവിധ സെക്ഷനുകളിലെ അപേക്ഷാപരിശോധനയ്ക്ക് എടുക്കുന്ന കാലതാമസവും ഇതിലൂടെ പരിഹരിക്കാനാവും. എന്‍എസ്എസിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്‌സ് ഫോറം എന്ന പുതിയ ഒരു ഓണ്‍ലൈന്‍ സേവനവും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it