മെഗാഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: കേരളത്തില്‍ ചേര്‍ത്തലയിലും പാലക്കാടും 249 കോടി രൂപ ചെലവില്‍ മെഗാഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചേര്‍ത്തലയിലും പാലക്കാട്ടും മെഗാഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയില്‍ കെഎസ്‌ഐഡിസിക്കു കീഴില്‍ 65 ഏക്കറിലായാണ് ഫുഡ്പാര്‍ക്ക് സ്ഥാപിക്കുക. ചേര്‍ത്തലയില്‍ 130 കോടി രൂപ ഇതിനായി നിക്ഷേപിക്കും. സമുദ്ര ഭക്ഷ്യ വിഭവങ്ങളുടെ സംസ്‌കരണത്തിനായിരിക്കും പ്രധാനമായും ഈ സംവിധാനം പ്രയോജനപ്പെടുത്തുക. വ്യക്തിഗത സംരംഭകര്‍ക്ക് തങ്ങളുടെ യൂനിറ്റുകള്‍ ഇവിടെ സ്ഥാപിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുന്ന മൂന്നുവര്‍ഷം കൊണ്ട് ഇവിടുത്തെ നിക്ഷേപം 500 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷയെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
3000 പേര്‍ക്ക് നേരിട്ടും 12,000 പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കാന്‍ പദ്ധതിയിലൂടെ സാധിക്കും. പാലക്കാട് ജില്ലയിലെ എലപ്പുള്ളി, പുതുശ്ശേരി വില്ലേജുകളിലായി 78.68 ഏക്കറിലാണ് കിന്‍ഫ്രയുടെ ഫുഡ് പാര്‍ക്ക് സ്ഥാപിക്കുക. 119.02 കോടിയാണ് ഇതില്‍ കിന്‍ഫ്രയുടെ നിക്ഷേപം.
1500 പേര്‍ക്ക് നേരിട്ടും 5000 പേര്‍ക്ക് പരോക്ഷമായും ഇവിടെ തൊഴില്‍ നല്‍കാനാവും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് രണ്ടു പാര്‍ക്കുകള്‍ക്കുമായി 50 കോടി രൂപ വീതം മൊത്തം 100 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it