മെക്‌സിക്കോ: ലഹരിക്കായി കഞ്ചാവ് ഉല്‍പാദിപ്പിക്കാന്‍ അനുമതി

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ലഹരിക്കായി കഞ്ചാവ് ഉല്‍പാദിപ്പിക്കുന്നതിന് സുപ്രിംകോടതിയുടെ അനുമതി. മെക്‌സിക്കന്‍ സൊസൈറ്റി ഫോര്‍ റെസ്‌പോണ്‍സിബിള്‍ ആന്റ് ടോളറന്റ് പേഴ്‌സനല്‍ യൂസ് എന്ന സംഘടനയിലെ നാലുപേര്‍ക്കാണ് കഞ്ചാവ് ഉല്‍പാദനത്തിനും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനും കോടതി അനുമതി നല്‍കിയിരിക്കുന്നത്.
അതേസമയം, കഞ്ചാവ് വില്‍ക്കുന്നതിന് രാജ്യത്ത് നിരോധനമുണ്ട്. ഏറെക്കാലമായി മയക്കുമരുന്ന്-കഞ്ചാവ് മാഫിയകളുടെ അതിക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യത്ത് കോടതിവിധി സുപ്രധാനമാണ്. കോടതിയുടെ പുതിയ ഉത്തരവ് കഞ്ചാവുകൃഷി പൂര്‍ണമായും നിയമവിധേയമാക്കുന്നതിലേക്കു നയിച്ചേക്കാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
2013ലാണ് കഞ്ചാവ് ഉല്‍പ്പാദനത്തിന് അനുമതി തേടിക്കൊണ്ട് ആദ്യമായി സംഘം കോടതിയെ സമീപിച്ചത്. തങ്ങളുടെ സംഘത്തിലെ നാലുപേര്‍ക്കു മാത്രമേ ഇപ്പോള്‍ അനുമതി ലഭിച്ചിട്ടുള്ളൂവെങ്കിലും ഇതൊരു ചുവടുവയ്പാണെന്ന് സംഘത്തിലെ അര്‍മാന്‍ഡോ സാന്താക്രൂസ് പറഞ്ഞു. വിധി പുറത്തുവന്നശേഷം കോടതിക്കു പുറത്ത് വലിയ ആഘോഷമാണു നടന്നത്. കോടതിവിധിയെ ബഹുമാനിക്കുന്നതായും അതേസമയം, അനുമതി നാലുപേരില്‍ ഒതുങ്ങിനില്‍ക്കുമെന്നും രാജ്യത്ത് കഞ്ചാവ് ഉല്‍പാദനം പൂര്‍ണമായും നിയമവിധേയമാക്കുന്നു എന്ന് സമര്‍ഥിക്കാനാവില്ലെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെനാ നെയ്‌തോ പ്രതികരിച്ചു.
Next Story

RELATED STORIES

Share it