മെക്‌സിക്കന്‍ ലഹരി മാഫിയ തലവന്‍ ഗുസ്മാന്‍ വീണ്ടും പിടിയില്‍

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ ലഹരി മാഫിയ തലവന്‍ ജൊവാക്വിം എല്‍ ചാപോ ഗുസ്മാന്‍ വീണ്ടും പിടിയില്‍. മെക്‌സിക്കന്‍ പ്രസിഡന്റ് എന്ററിക് പെന നീറ്റോ ട്വിറ്ററിലൂടെയാണ് ലോകത്തെ അറിയിച്ചത്. അധികൃതരുടെ കണ്ണുവെട്ടിച്ച് അതിസാഹസികമായി ജയില്‍ചാടിയ ഗുസ്മാനെ ജന്മദേശമായ സിനലോവയിലെ ഒളിയിടമായ ലോസ് മോഷിസില്‍ നിന്നാണു പിടികൂടിയത്. ഇയാളെ ഹെലികോപ്റ്റര്‍ മാര്‍ഗം ആല്‍ട്ടിപ്ലാനോ ജയിലിലേക്കു മാറ്റി.
പോലിസ് സംഘം എത്തിയപ്പോള്‍ അഴുക്കുചാലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഏറ്റുമുട്ടലിലൂടെയാണ് മറീനുകള്‍ ഇയാളെ കീഴടക്കിയത്. ഗുസ്മാന്റെ മാഫിയാ സംഘവും മറീനുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു മറീനടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. രണ്ട് വാഹനങ്ങളും എട്ട് റൈഫിളുകളും ഗ്രനേഡ് ലോഞ്ചര്‍, കൈത്തോക്ക് എന്നിവയും ഒളിസങ്കേതത്തില്‍ നിന്നു പിടിച്ചെടുത്തു.
തന്റെ ജീവചരിത്രം ആസ്പദമാക്കി സിനിമ നിര്‍മിക്കുന്നതിന് സിനിമാ നിര്‍മാതാക്കളെയും നടന്മാരെയും വിളിച്ചതാണ് ഗുസ്മാനു വിനയായത്. ചലച്ചിത്ര താരങ്ങളേയും നിര്‍മാതാക്കളേയും ഗുസ്മാന്‍ ബന്ധപ്പെട്ടത് പിന്തുടര്‍ന്നാണ് പോലിസ് താവളത്തിലെത്തിയത്. ഗുസ്മാന്റെ അറസ്റ്റ് നിയമവാഴ്ചയുടെ വിജയമാണെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെനാ നീറ്റോ അവകാശപ്പെട്ടു.
ഗുസ്മാനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഗുസ്മാന്‍ ഹോളിവുഡ് രംഗങ്ങളെ വെല്ലുന്ന രീതിയില്‍ തടവുചാടിയത്. ജയില്‍ സെല്ലിലെ കുളിമുറിയുടെ അടിഭാഗം തുരന്നശേഷം തന്റെ മാഫിയാ സംഘം നിര്‍മിച്ച തുരങ്കത്തിലൂടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്.
വൈദ്യുതീകരിച്ച തുരങ്കത്തില്‍ റെയില്‍ പാളം, മോട്ടോര്‍ കാര്‍ എന്നിവയടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. രണ്ടാം തവണയായിരുന്നു ഈ തടവുചാട്ടം.
1993ല്‍ ഗ്വാട്ടിമാലയില്‍ പിടിയിലായ ഗുസ്മാന്‍ 2001ല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയ ശേഷം അലക്കുതൊട്ടിയിലൊളിച്ച് ജയില്‍ ചാടിയിരുന്നു. പിന്നീട് 2014ല്‍ പിടിയിലായ ഇയാളെ 13 വര്‍ഷം തടവിനു ശിക്ഷിച്ചു. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ലഹരിമരുന്നു രാജാവ് എന്നാണ് എല്‍ ചാപോ എന്നു വിളിക്കുന്ന ജൊവാക്വിം ഗുസ്മാന്‍ അറിയപ്പെടുന്നത്. ഗ്വാട്ടിമാലയില്‍ നിന്ന് 1993ല്‍ പിടിയിലായ ഗുസ്മാന്‍ മയക്കുമരുന്നു കടത്തിനും കൊലപാതകക്കുറ്റത്തിനും 20 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു.
Next Story

RELATED STORIES

Share it