palakkad local

മെംബര്‍മാരുടെ സത്യപ്രതിജ്ഞയ്ക്കുമുമ്പ് യൂത്ത് കോണ്‍ഗ്രസ്-ലീഗ് ബന്ധം ഉലയുന്നു

സി കെ ശശി ചാത്തയില്‍

ആനക്കര: തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഉള്‍പ്പടെ യുഡിഎഫിന്റെ കൈയില്‍ നിന്നും ഭരണം നഷ്ടപ്പെടാനിടയാക്കിയ സംഭവത്തെചൊല്ലി തൃത്താല മേഖലയില്‍ കോണ്‍ഗ്രസ്-ലീഗ് ബന്ധം ഉലച്ചിലിന്റെ വക്കില്‍. കഴിഞ്ഞദിവസം രാത്രിയില്‍ കുമ്പിടി ഉമ്മത്തൂരില്‍ ചേര്‍ന്ന് ആനക്കര പഞ്ചായത്ത് യൂത്ത് ലീഗ് യോഗത്തിലാണ് കോണ്‍ഗ്രസിനെതിരെയും ലീഗ് നേതൃത്വത്തിനെതിരെയും പ്രതിഷേധമുയര്‍ന്നത്.
ആനക്കരയില്‍ ഇതേചൊല്ലി ലീഗ് നേതൃത്വം ശക്തമായ പ്രതിഷേധം അറിയിച്ചുകഴിഞ്ഞതായി അറിയുന്നു. കപ്പൂരിലും കോണ്‍ഗ്രസ് യുവജനപക്ഷം ലീഗുകാരുടെ കാലുവാരലാണ് പരാജയത്തിന് പിന്നിലെന്ന് ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉന്നതനേതൃത്വത്തിന്റെ പിടിപ്പുകേടും പരാജയത്തിന്റെ മറ്റൊരുകാരണമായി തുറന്നുകാണിക്കുന്നിണ്ടിവര്‍.
ആനക്കരയില്‍ ലീഗ് സ്ഥാനാര്‍ഥികളുടെ തോല്‍വിയിലാണ് യൂത്ത് ലീഗ് നേതൃത്വം ലീഗിനും കോണ്‍ഗ്രസിനുമെതിരെ തിരിയുന്നത്. ഇനി പഞ്ചായത്തില്‍ കോണ്‍ഗ്രസ്സുമായി ബന്ധം വേണ്ടന്ന നിലപാടിലാണ് യൂത്ത് ലീഗ് നേതൃത്വം. രണ്ടാം വാര്‍ഡില്‍ മല്‍സരിച്ച് ആനക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റുകൂടിയായിരുന്ന അഡ്വ. ബഷീറിനെ തോല്‍പ്പിക്കാന്‍ സിപിഎം സ്ഥാനാര്‍ഥിക്ക് വോട്ട് മറിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്‌തെന്നാണ് ഇവര്‍ പറയുന്നത്. മണ്ണിയം പെരുമ്പലം ബൂത്തില്‍ നിന്നും ലീഡ് നേടിയിട്ടും തോട്ടേഴിയം ബൂത്തില്‍ ലീഡ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലന്നും പറയുന്നു. ലീഗ് സ്ഥാനാര്‍ഥിയായ അഡ്വ. ബഷീറിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സിപിഎമ്മിനോട് കൂട്ടുചേരുകയായിരുന്നുവെന്നും ആരോപണമുണ്ട്.
ഇതിന് പുറമെ ലീഗിന് നല്‍കിയ നാലാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരേ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി 270 വോട്ടുകള്‍ നല്‍കി ലീഗ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കുകയായിരുന്നുവത്രേ. ലീഗിന് നല്‍കിയ മൂന്നാം വാര്‍ഡില്‍ ലീഗിന്റെ വനിതാ സ്ഥാനാര്‍ഥിക്ക് മാത്രമാണ് ജയിക്കാനായത്.
ഇവിടെയും കോണ്‍ഗ്രസ് കാലുവാരി ലീഡ് കുറച്ചുവെന്നാണ് ആരോപണം. ഇത്തരം നിലപാടുകളാണ് യുഡിഎഫിന് ആനക്കര പഞ്ചായത്തില്‍ ഭരണം നഷ്ട്ടപ്പെടാന്‍ കാരണമായതെന്നാണ് യൂത്ത് ലീഗ് നേതൃത്വം കുറ്റപ്പെടുത്തുന്നത്. ആനക്കര പഞ്ചായത്തില്‍ യുഡിഎഫ് പ്രതിപക്ഷത്തായെങ്കിലും ഇതില്‍ ലീഗിന്റെ നേതൃനിരയില്‍ നിന്ന് ആരും ഇല്ലന്നുളളതും ലീഗിന് ചൊടിപ്പിക്കുന്നുണ്ട്. അതേസമയം കപ്പൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിരം വാര്‍ഡുകള്‍ പോലും പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഏഴാംവാര്‍ഡായ കോഴിക്കരയില്‍ ലീഗിന്റെ സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് റിബല്‍ നിന്നതോടെ ലീഗിന്റെ സക്കീര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. എന്നാല്‍ പ്രതികാരമായി മാവറയില്‍ നാല് വോട്ടിനും എട്ട്, ഒമ്പത്, പത്ത് വാര്‍ഡുകളില്‍ നിസാരവോട്ടുകള്‍ക്കും കോണ്‍ഗ്രസ് പരാജയപെടുകയായിരുന്നു. ഇതിന്റെ പിന്നില്‍ ലീഗിന്റെ പകപോക്കലാണന്നാണ് ആരോപണം.
ആനക്കര, കപ്പൂര്‍, ചാലിശ്ശേരി, തിരുമിറ്റിക്കോട് തുടങ്ങി നാലുപഞ്ചായത്തുകളും തൃത്താല ബ്ലോക്കും യുഡിഎഫിന്റെ ഭരണത്തിലായിരുന്നു. എന്നാല്‍ ഇതില്‍ ചാലിശ്ശേരി മാത്രമാണ് നിലനിര്‍ത്താനായത്. ഇവിടെ കോണ്‍ഗ്രസ് ആറും ലീഗും രണ്ടും സീറ്റ് നേടി. തൊട്ടുപിന്നില്‍ ഏഴുസീറ്റുമായി എല്‍ഡിഎഫുമുണ്ട്.
Next Story

RELATED STORIES

Share it