Flash News

മൃതദേഹാവശിഷ്ടങ്ങള്‍ അലക്ഷ്യമായി കാണപ്പെട്ടു ; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സംഘര്‍ഷം



കോഴിക്കോട്: മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ പഠനത്തിന് ഉപയോഗിച്ച ശേഷം ഒഴിവാക്കിയ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം ഒഴിവാക്കിയ ശരീരഭാഗങ്ങളും അലക്ഷ്യമായി കാണപ്പെട്ടത് സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ രാവിലെയാണ് ഒളിംപ്യന്‍ റഹ്്മാന്‍ സ്റ്റേഡിയത്തിന് എതിര്‍വശത്തുള്ള കോംപൗണ്ടില്‍ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പക്ഷികളും പട്ടികളും വലിച്ചിഴക്കുന്നത് നാട്ടുകാര്‍ കണ്ടത്. വിവരമറിഞ്ഞ് സിഐ മൂസ വള്ളിക്കാടന്‍, എസ്‌ഐ ഹബീബുല്ല എന്നിവരുടെ നേതൃത്വത്തില്‍ പോലിസും നഗരസഭാ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഗോപകുമാറും സ്ഥലത്തെത്തി. വലിയ കുഴിയില്‍ നിക്ഷേപിച്ച ഇവ യഥാവിധി മൂടാത്തതാണ് പ്രശ്‌നത്തിനിടയാക്കിയത്. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളുടെ കൂട്ടത്തില്‍ രക്തമൊലിക്കുന്ന കൈകാലുകളും മറ്റുമുണ്ടായിരുന്നു. ആശുപത്രിയില്‍ നിന്നുള്ളവയാണ് ഇത്. ഫോര്‍മാലിന്‍ ഉള്ളതാകയാല്‍ സൂര്യപ്രകാശം തട്ടിയതിനു ശേഷം കുഴിച്ചുമൂടാന്‍ വച്ചിരിക്കയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, അവശിഷ്ടങ്ങള്‍ ഇനിയും ബാക്കിയണ്ടെന്നും രണ്ടു ദിവസംകൊണ്ട് ഇവ കൂട്ടിയിട്ട് മൂടാനാണ് കരുതിയതെന്നും പറയപ്പെടുന്നു. പ്രശ്‌നമായതോടെ എത്രയും പെട്ടെന്ന് കുഴിമൂടാന്‍ വൈസ് പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഉച്ചയോടെ പൂര്‍ണമായും കുഴിമൂടി പ്രശ്‌നം പരിഹരിച്ചു. അവശിഷ്ടങ്ങള്‍ കുഴിച്ചിടുന്ന ഗ്രൗണ്ടിന്റെ പൊളിഞ്ഞ ചുറ്റുമതില്‍ ശരിപ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നാല് വര്‍ഷം മുമ്പും ഇതേരീതിയില്‍ മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ പുറമേക്ക് കണ്ടത് പ്രശ്‌നത്തിനിടയാക്കിയിരുന്നു.
Next Story

RELATED STORIES

Share it