Kollam Local

മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധം

പത്തനാപുരം:വര്‍ക് ഷോപ്പ് നിര്‍മിക്കുന്നതിനെതിരെ എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത പ്രവാസിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു മൃതദേഹവുമായി എത്തിയ ആംബുലന്‍സ് തടഞ്ഞ് വര്‍ക് ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു.
പുനലൂര്‍ ഐക്കരക്കോണം, വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതന്‍ (64) ആണ് കഴിഞ്ഞ ദിവസം വര്‍ക് ഷോപ്പിനായി നിര്‍മിച്ച ഷെഡില്‍ തൂങ്ങി മരിച്ചത്. സുഗതന്റെ മരണകാരണക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് വര്‍ക്‌ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹം ഐക്കരക്കോണത്തുള്ള സുഗതന്റെ വസതിയിലേയ്ക്ക് കൊണ്ടു പോകും വഴി തൂക്കുപാലത്തിന് സമീപം ആംബുലന്‍സ് തടയുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പുനലൂര്‍ പോലിസ് ഇടപെട്ടാണ് സമരക്കാരെ പിന്‍ന്തിരിപ്പിച്ചത്. പ്രതിഷേധക്കാരില്‍ നിന്നും പരാതി എഴുതി വാങ്ങുകയും ചെയ്തു. പ്രതിഷേധം ഭയന്ന് എംഎല്‍എയും, വനം മന്ത്രിയുമായ കെ രാജു സ്ഥലത്ത് എത്തിയില്ല. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. വിവിധ മേഖലകളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. എഐവൈഎഫ് പ്രവര്‍ത്തകരുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സുഗതന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഉടന്‍ ആരംഭിക്കണമെന്നും പ്രതികളെ അറസ്റ്റു ചെയ്യണമെന്നും കോണ്‍ഗ്രസും, യൂത്ത് കോണ്‍ഗ്രസും വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റിയും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it