Idukki local

മൃതദേഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

തൊടുപുഴ: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹവുമായി തൊടുപുഴ നഗരത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രതിഷേധം. പൊലിസ് പീഡനത്തില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് ഇന്നലെ വൈകിട്ട് രണ്ട് മണിക്കൂറോളം തൊടുപുഴ ഗാന്ധിസ്‌ക്വയറിന് മുന്നിലെ റോഡ് ഉപരോധിച്ചു. പൊലീസും ജനങ്ങളും തമ്മില്‍ പലതവണ ഉന്തുംതള്ളുമുണ്ടായി.
തൊടുപുഴ പെരുമാംകണ്ടത്തിന് സമീപം കുളങ്ങാട്ടുപാറ മലമ്പുറത്ത് രജീഷ് എം.ആര്‍ (32) ഞായറാഴ്ച വൈകിട്ടാണ് ആത്മഹത്യ ചെയ്തത്. ആദ്യഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന രജീഷ് കുമാരമംഗലം സ്വദേശിയായ ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചു. യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രജീഷിനെയും യുവതിയെയും ഒരാഴ്ച മുമ്പ് അടിമാലിയില്‍ നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് തൊടുപുഴ പൊലിസിന് കൈമാറി. പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
കഴിഞ്ഞ ദിവസം അമ്മ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ രജീഷിനെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ സി ഐ എന്‍ ജി ശ്രീമോന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് രജീഷ് പറഞ്ഞതായി ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. തൊടുപുഴ ആദംസ്റ്റാറിന് മുന്നിലെ ഓട്ടോറിക്ഷാ െ്രെഡവറായിരുന്നു രജീഷ്.
തുടര്‍ന്ന് ഇന്നലെ വൈകിട്ട് 4.45ന് മൂവാറ്റുപുഴയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹവുമായി ആംബുലന്‍സില്‍ തൊടുപുഴ പൊലിസ് സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഇതറിഞ്ഞ് സ്‌റ്റേഷന് നൂറുമീറ്റര്‍ അകലെ ഗാന്ധിസ്‌ക്വയറിന് സമീപം പാലത്തില്‍ പൊലിസ് ആംബുലന്‍സ് തടഞ്ഞു. മൃതദേഹവുമായി സ്‌റ്റേഷന്‍ ഉപരോധിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ ആംബുലന്‍സ് കടത്തിവിടാനാവില്ലെന്ന് പൊലിസ് നിലപാടെടുത്തു. ഇത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.  ഇതിനിടെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തെടുത്ത് റോഡില്‍ വച്ച്  പ്രതിഷേധിച്ചു.  ഇതോടെ രജീഷിന്റെ സുഹൃത്തുക്കളായ ഓട്ടോറിക്ഷക്കാരടക്കം നൂറുകണക്കിന് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി.
പൊലിസും ജനങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതില്‍ നിലത്ത് വീണും മറ്റും ചില പൊലിസുകാര്‍ക്ക് പരിക്കേറ്റു.  ഇവര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്തി. സിഐയ്ക്കും പൊലിസിനുമെതിരെ മുദ്രാവാക്യം വിളിയുയര്‍ന്നു. മുന്‍ ഡിസിസി പ്രസിഡന്റ് റോയ് കെ. പൗലോസ്, കെപിസിസി നിര്‍വാഹക സമിതി അംഗം സി പി മാത്യു, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ എന്നിവര്‍ ആവശ്യപ്പെട്ടിട്ടും ആംബുലന്‍സ് കടത്തിവിടാന്‍ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ് തയ്യാറായില്ല.
കോണ്‍ഗ്രസ് നേതാവ് സി പി മാത്യു ആംബുലന്‍സിന് മുകളില്‍ കയറിയിരുന്ന് പ്രതിഷേധിച്ചു. ഒടുവില്‍ ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുല്‍, എറണാകുളം റേഞ്ച് ഐജി പി വിജയന്‍ എന്നിവര്‍ വിഷയത്തില്‍ ഇടപെട്ടു.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ സിഐയ്‌ക്കെതിരെ നടപടിയെടുക്കാമെന്ന് ഐ ജി ഉറപ്പ് നല്‍കി. ആംബുലന്‍സ് കടത്തിവിടാന്‍ കളക്ടര്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയാ ജബ്ബാറും എസ്‌ഐ വിഷ്ണുവും ഒപ്പം കയറിയശേഷം ആംബുലന്‍സ് കടത്തിവിട്ടു. യുവാവിനെ മര്‍ദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിഐ എന്‍ ജി ശ്രീമോന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it