kozhikode local

മൃതദേഹങ്ങള്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച



കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അനാട്ടമി വിഭാഗത്തിന്റേത് ഗുരുതര വീഴ്ചയാണെന്നും തലവനെതിരെ നടപടി സ്വീകരിക്കണമെന്നും അന്വേഷണ റിപോര്‍ട്ട്. ശവം അടക്കം ചെയ്യുന്നത് സംബന്ധിച്ച് കരാര്‍ നല്‍കിയതായി പറയുന്നുവെങ്കിലും അതിന്റെ വൗച്ചറോ അനുബന്ധരേഖകളോ ഹാജരാക്കിയിട്ടില്ലെന്നും അനാട്ടമി വിഭാഗം ആത്യന്തം ഗുരുതര വീഴ്ചവരുത്തിയതായാണ് ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍ എസ് ഗോപകുമാര്‍ ഡിഎംഒക്ക് നല്‍കിയ റിപോര്‍ട്ടില്‍ പറഞ്ഞു. മൃതദേഹങ്ങളെ കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയ രജിസ്റ്റര്‍ പോലും സൂക്ഷിച്ചില്ലെന്നും ഗുരുതരമായ വീഴ്ചയാണ്. മൃതദേഹം അടക്കം ചെയ്യുന്നതിന് നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതേകുറിച്ച് വ്യക്തതയില്ല. കരാറോ രേഖകളോ ഇല്ലാതെയാണ് അത്തരമൊരാളെ ചുമതലപ്പെടുത്തിയതെങ്കില്‍ അതും വീഴ്ചയാണ്. ചുറ്റുമതില്‍ പോലുമില്ലാത്ത പ്രദേശത്ത് മൃതദേഹങ്ങള്‍ തള്ളിയതിനാല്‍ നായകള്‍ കടിച്ചുകീറി. ചുറ്റുമതില്‍ കെട്ടുന്നതില്‍ വീഴ്ചവരുത്തിയ പിഡബ്ല്യുഡിയുടെയും കോളജ് പ്രിന്‍സിപ്പിലന്റെയും ഭാഗത്തു നിന്നും ഗുരുതര പിഴവാണുണ്ടായത്. അനാട്ടമി വിഭാഗവുമായി ബന്ധപ്പെട്ട് മനുഷ്യ ശരീരത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യപ്പെട്ടിട്ടുള്ള ശരീരഭാഗങ്ങള്‍ അനാട്ടമി ആക്ട് 1949 വകുപ്പ് 4 പ്രകാരം അനാട്ടമി വിഭാഗത്തിന് പഠനവിധേയമായി ലഭ്യമാവുന്ന മുറയ്ക്ക് ശരീരങ്ങള്‍ സംബന്ധിച്ച സൂപ്പര്‍ വിഷന്‍ നടത്തണം. ആണ്‍/പെ ണ്‍, പേര്, വയസ്സ് എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കണം. മൃതദേഹം ലഭിക്കുന്ന ദിവസം മുതല്‍ പഠന സമയത്തെയും ഒടുവില്‍ അവ സംസ്‌കരിക്കുന്നതു വരെയുമുള്ള വിവരങ്ങളും രേഖപ്പെടുത്തണം. പക്ഷെ, ഇവയൊന്നും പാലിക്കപ്പെട്ടില്ല. മേലില്‍ ഇത്തരം വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ ശാസ്ത്രീയമായി മൃതദേഹങ്ങള്‍ സംസ്‌കരിക്കണം. ഇതിനായി വൈദ്യുത ശ്മശാനം സ്ഥാപിക്കണം. കഴിഞ്ഞ ആറിന് അലക്ഷ്യമായി മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ജീവനക്കാരന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയാണുണ്ടായത്. ഗുരുതര വീഴ്ച വരുത്തിയ ഡിപ്പാര്‍ട്ട് മെന്റ് തലവനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും റിപോര്‍ട്ട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it