kozhikode local

മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരേ കേസെടുത്തു

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച രണ്ടു പേരുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച മാവൂര്‍റോഡ് ശ്മശാനത്തിലെ പരമ്പരാഗത കാര്‍മികര്‍ക്കെതിരേ അധികൃതര്‍ നടപടിക്കൊരുങ്ങുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നടക്കാവ് പോലിസ് ഇന്നലെ ഇവര്‍ക്കെതിരെ കേസെടുത്തു.
കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍ എസ് ഗോപകുമാറിന്റെ പരാതി പ്രകാരമാണ് നടക്കാവ് പോലിസ് കേസെടുത്തത്. ഇതോടൊപ്പം ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് 15 ദിവസത്തിനുള്ളില്‍ പുതിയ നിയമാവലി ഉണ്ടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടങ്ങിയ കമ്മിറ്റിക്കു രൂപം നല്‍കി. അതേസമയം തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ച നഴ്‌സ് ചെമ്പനോടയിലെ ലിനിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ തീ ഊതിക്കത്തിക്കുന്ന ബ്ലോവര്‍കേടായിരുന്നതാണ് ഇന്നലെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനുണ്ടായ തടസ്സമെന്നാണ് പരമ്പരാഗത കാര്‍മികര്‍ പറയുന്നത്.
തുടര്‍ന്ന് ഇന്നലെ രാവിലെ സ്വകാര്യ കമ്പനി അധികൃതര്‍ എത്തി ബ്ലോവര്‍ നന്നാക്കി. ചൊവ്വാഴ്ച രാവിലെ മൃതദേഹം സംസ്‌കരിക്കാന്‍ എത്തിയപ്പോള്‍ ശ്മശാനത്തിലുള്ളവര്‍ ബന്ധുക്കളോട് സാങ്കേതിക തകരാറുകള്‍ ചൂണ്ടിക്കാട്ടിയിരുന്നതായാണ് പറയുന്നത്. കേസില്‍ നിന്ന് തടിയൂരാന്‍ ബ്ലോവര്‍ മനപൂര്‍വംകേടാക്കിയതാണെന്നും ആക്ഷേപമുണ്ട്.
കോര്‍പറേഷന്‍ ഉടമസ്ഥതയിലുള്ളതാണ് മാവൂര്‍റോഡ് ശ്മശാനം. ആദ്യകാലത്ത് ഇവിടെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയവരുടെ പിന്‍മുറക്കാര്‍ എന്ന നിലയ്ക്കാണ് ഇവിടെ പരമ്പരാഗത രീതിയിലുള്ള സംസ്‌കാരചടങ്ങുകള്‍ നടത്തിക്കൊടുക്കാന്‍ നഗരസഭ അനുമതി നല്‍കിയത്. എന്നിട്ടും നിപാ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിമുഖത കാണിച്ചതിനെതിരെ ശക്തമായ വിമര്‍ശനമാണ് പലയിടത്തു നിന്നും ഉയരുന്നത്.
ആവശ്യമായ 5500 രൂപ ജില്ലാകലക്ടറുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് നല്‍കിയത്. ഇവിടെ തന്നെയുള്ള മറ്റു രണ്ടു സാധാരണ ശ്മശാനങ്ങളില്‍ ദഹിപ്പിക്കാന്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ സമീപിച്ചുവെങ്കിലും സംസ്‌കരിക്കാനാവില്ലെന്ന് ഇവരെ അറിയിക്കുകയായിരുന്നു. മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ശ്വസിച്ചാല്‍ തങ്ങള്‍ക്കും രോഗം പടരുമെന്ന ധാരണയിലാണ് ജീവനക്കാര്‍ സഹകരിക്കാത്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.
Next Story

RELATED STORIES

Share it