malappuram local

മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു

സ്വന്തം പ്രതിനിധി

പുത്തനത്താണി: മഞ്ചേരിയിലെ പ്രകൃതി ചികില്‍സാകേന്ദ്രത്തില്‍ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ചെറവന്നൂര്‍ ഓട്ടുകാരപ്പുറം മയ്യേരി നസീം അഫ്‌സലിന്റെ ഭാര്യ ഷഫ്‌ന (23)യുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഇന്നലെ രാവിലെ ചെറവന്നൂര്‍ അത്താണിക്കല്‍ ജുമാമസ്ജിദ് ഖബറ സ്ഥാനില്‍ വച്ച് തിരൂര്‍ ആര്‍ഡിഒ ജെ മോബി, തിരൂര്‍ തഹസില്‍ദാര്‍ വര്‍ഗീസ് മംഗലത്ത്, മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സിഐ ബൈജു, കല്‍പകഞ്ചേരി എസ്‌ഐ മഞ്ജിത് ലാല്‍, വേങ്ങര എസ്‌ഐ സംഗീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. മഞ്ചേരി മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാരാണ് പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയത്. മഞ്ചേരിയിലെ പ്രകൃതി ചികില്‍സാ കേന്ദ്രത്തില്‍ ഈ മാസം 11നാണ് പ്രസവത്തിനിടെ ഷഫ്‌ന മരിക്കുന്നത്. കുട്ടി രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കള്‍ക്കോ ഭര്‍തൃവീട്ടുകാര്‍ക്കോ പരാതി ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് മൃതദേഹം അത്താണിക്കല്‍ ജുമാ മസ്ജിദില്‍ മറവ് ചെയ്തത്. എന്നാല്‍, ഇതിനുശേഷം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. രാവിലെ 10:30ന് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് ഒരു മണിക്കാണ് അവസാനിച്ചത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം വീണ്ടും മറവ് ചെയ്തു. സംഭവത്തില്‍ പ്രകൃതി ചികില്‍സാകേന്ദ്രത്തിലെ ഡോക്ടര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. മഞ്ചേരി സിഐക്കാണ് കേസിന്റെ അന്വേഷണ ചുമതല. എന്നാല്‍, മരണത്തില്‍ ബന്ധുക്കളുടെ ഭാഗത്ത് നിന്നു ഒരു പരാതിയും ഉണ്ടായിരുന്നില്ലെന്നും ചില ബാഹ്യമായ ഇടപെടലുകളാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിലേക്ക് എത്തിച്ചിരിക്കുന്നതെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it