Kottayam Local

മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കിയത് 8.5 കോടിയുടെ പദ്ധതികള്‍



കോട്ടയം: ജില്ലയില്‍ മൃഗ സംരക്ഷണ വകുപ്പ് തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ 8.50 കോടിയുടെ പദ്ധതികള്‍ നടപ്പാക്കിയതായി ജില്ലാ മൃഗ സംരക്ഷണ ഓഫിസര്‍ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച 57 ഗോട്ട് സാറ്റലൈറ്റ് യൂനിറ്റുകളും 170 താറാവ് നഴ്‌സറികളും തൃപ്തികരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.കൂടുതലായി 70 ഗോട്ട് യൂനിറ്റുകളും 500 താറാവ് നഴ്‌സറികളും ഉടന്‍ സ്ഥാപിക്കുന്നതിനു നടപടി സ്വീകരിച്ചു വരുന്നു. മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ 4,88,214 കോഴി കുഞ്ഞുങ്ങളെയും ഉല്‍പ്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. 49 കര്‍ഷകര്‍ക്ക് കറവ യന്ത്രങ്ങളും 50 സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 12,500 കോഴി കുഞ്ഞുങ്ങളും തീറ്റയും സൗജന്യമായി നല്‍കി. ദുരന്ത നിവാരണ പ്രകൃതി ക്ഷോഭ ഫണ്ടില്‍ നിന്ന് 84 കര്‍ഷകര്‍ക്ക് 13.68 ലക്ഷം രൂപ ധനസഹായവും നല്‍കി. എരുമേലി ഗ്രാമപ്പഞ്ചായത്തിലെ 810 കുട്ടികള്‍ക്ക് 4,050 കോഴി കുഞ്ഞുങ്ങളെയാണ് നല്‍കിയത്. കോഴി വളര്‍ത്തലില്‍ എല്ലാ കുട്ടികള്‍ക്കും പരിശീലനവും നല്‍കി. 50 വീടുകളിലെ മട്ടുപ്പാവില്‍ കോഴി വളര്‍ത്തല്‍ യൂനിറ്റുകള്‍ സ്ഥാപിച്ചു. ഇതിനായി 2.50 ലക്ഷം ധനസഹായം നല്‍കി. പട്ടികജാതിയില്‍പ്പെട്ട 142 പേര്‍ക്ക് ആടു വളര്‍ത്തല്‍ യൂനീറ്റുകള്‍ സ്ഥാപിക്കുന്നതിനും 284 പേര്‍ക്ക് ആട്ടിന്‍ കുട്ടികളെ വാങ്ങുന്നതിനും ധനസഹായം നല്‍കി. ചങ്ങനാശ്ശേരി, വൈക്കം നഗരസഭകളില്‍ ആരംഭിച്ച തെരുവു നായ വന്ധ്യംകരണത്തിനുളള എബിസി പദ്ധതിയും കുളമ്പുരോഗം, കോഴി വസന്ത എന്നിവയ്‌ക്കെതിരേയുളള പ്രതിരോധ കുത്തി വയ്പും ഊര്‍ജിതമായി നടന്നു വരുന്നു. പക്ഷിപ്പനി മൂലം താറാവ് നഷ്ടപ്പെട്ട 40 കര്‍ഷകര്‍ക്ക് 2.86 കോടി നഷ്ട പരിഹാരവും നല്‍കിയിട്ടുണ്ട്. ജില്ലയിലെ മൃഗ ചികില്‍സാ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയം  24 മണിക്കൂറായി ഉയര്‍ത്തിയിട്ടുണ്ട്. പരിയാരം മൃഗാശുപത്രിയില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്നുവരെയും ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാല എന്നി വെറ്ററിനറി പോളിക്ലിനിക്കുകളിലും വാഴൂര്‍, തലയോലപറമ്പ്, ഏറ്റുമാനൂര്‍ വെറ്ററിനറി ആശുപത്രികളിലും വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെയും രാത്രികാല മൃഗ ചികില്‍സാ സേവനവും ലഭ്യമാക്കിയിട്ടുള്ളതായും മൃഗ സംരക്ഷണ വകുപ്പ് ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it