Flash News

മൃഗശാലാ ജീവനക്കാരിയെ കടുവ കടിച്ചുകൊന്നു



ലണ്ടന്‍: വന്യമൃഗങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ മോഹിച്ച് മൃഗശാലയില്‍ ജോലിക്ക് കയറിയ യുവതിയെ കടുവ കടിച്ചുകൊന്നു. 33കാരിയായ റോസ കിങാണ് കാംബ്രിജ്ഷയറിലെ ഹാമര്‍ടണ്‍ മൃഗശാലയില്‍ കൊല്ലപ്പെട്ടത്. കടുവയുടെ കൂട്ടില്‍ കയറിയ റോസയെ കടുവ ആക്രമിക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ റോസയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നൂറോളം വരുന്ന സന്ദര്‍ശകരുടെ മുന്നിലായിരുന്നു ദാരുണസംഭവം. കടുവയുടെ കൂട്ടില്‍പ്പെട്ട സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റോസയ്ക്കു നേരെ കടുവ തിരിഞ്ഞത്. റോസ ആക്രമിക്കപ്പെട്ടതോടെ മറ്റുള്ളവര്‍ പരിഭ്രാന്തരായി. ഇറച്ചി കാട്ടി കടുവയുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമവും വിജയിച്ചില്ല. കടുവയില്‍നിന്നു മോചിപ്പിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മൃഗങ്ങളെ സ്‌നേഹിച്ചിരുന്ന ജീവനക്കാരിയായിരുന്നു റോസയെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കടുവകളുടെയും ചീറ്റകളുടെയും വാസസ്ഥലത്ത് ധൈര്യസമേതം കടന്നുചെന്നിരുന്ന അവരുടെ നേര്‍ക്ക് മൃഗങ്ങള്‍ ചീറിയടുത്തിരുന്നില്ല. വിറ്റ്ഷയറിലെ ചിപ്പെന്‍ഹാമില്‍നിന്നുള്ള റോസ, മൃഗപരിചരണത്തില്‍ വിറ്റ്ഷയര്‍ കോളേജില്‍നിന്ന് ഡിപ്ലോമ നേടിയ ശേഷമാണ് മൃഗശാലയില്‍ ജോലിക്ക് ചേര്‍ന്നത്. തികഞ്ഞ മൃഗസ്‌നേഹിയായിരുന്നു റോസ. യുകെയിലെ ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടിന് പണം ശേഖരിക്കുന്നതിനായി ജൂലൈ ആറിന് മൃഗശാലയിലെ നാല് സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌കൈ ഡൈവിങിന് തയ്യാറെടുക്കുകയായിരുന്നു അവര്‍.
Next Story

RELATED STORIES

Share it