thrissur local

മൂവാറ്റുപുഴ വെറ്റിനറി പോളിക്ലിനിക്ക് നവീകരണത്തിന് അഞ്ച് ലക്ഷം അനുവദിച്ചതായി എംഎല്‍എ

മൂവാറ്റുപുഴ: മൂവാറ്റുപുഴ വെറ്റിനറി പോളിക്ലിനിക്കിന് ഐഎസ്ഒ 9001-2008 അംഗീകരം ലഭിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മൃഗ സംരക്ഷണ വകുപ്പില്‍ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എംഎല്‍എ അറിയിച്ചു.
മൂവാറ്റുപുഴ വെറ്റിനറി പോളി ക്ലിനിക്കിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിലൂടെ ജനസംതൃപ്തി ഉറപ്പ് വരുത്തുന്നതിനും, മൃഗാശുപത്രിയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വര്‍ധിപ്പിക്കുന്നതിനുമായി സ്ഥാപനത്തിന് ഐഎസ്ഒ 9001-2008 സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി അഞ്ച് ലക്ഷം രൂപയാണ് മൃഗസംരക്ഷണ വകുപ്പ് അനുവദിച്ചത്.
ഐഎസ്ഒ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിന് 50,000 രൂപയും ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ബോഡി ഫീസായി 40,000 രൂപയും ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലാബ് നവീകരണത്തിനുമായി 50,000 രൂപയും സെമിനാര്‍ ഹാള്‍ നവീകരണത്തിന് 60,000 രൂപയും ആശുപത്രിയില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 50,000 രൂപയും മൃഗങ്ങളുടെ പരിശോധന സൗകര്യം മെച്ചപ്പെടുത്തുന്നതിന് 70,000 രൂപയും ഫയലുകളും മറ്റും സൂക്ഷിക്കുന്നതിനുള്ള സ്‌റ്റോര്‍ റൂം നവീകരണത്തിന് 30,000 രൂപയും പരാതികള്‍ പരിഹരിക്കുന്നതിനും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുമായി 30,000 രൂപയും പരിസര ശുചിത്വത്തിനും മാലിന്യ സംസ്‌കരണത്തിനുമായി 20,000 രൂപയും ആശുപത്രിയും പരിസരവും ചുറ്റുമതിലടക്കം നിര്‍മിച്ച് മോടി പിടിപ്പിക്കുന്നതിന് 80,000 രൂപയും വിവിധ പ്രജക്ടുകള്‍ തയ്യാറാക്കുന്നതിനായി 50,000 രൂപയും അടക്കമാണ് അഞ്ച് ലക്ഷം രൂപ അനുവദിച്ചത്.
മൂവാറ്റുപുഴ നഗരസഭ നല്‍കിയ 15 സെന്റ് സ്ഥലത്ത് 1948ല്‍ മൂവാറ്റുപുഴ നഗരസഭയ്ക്ക് കീഴിലാണ് മൃഗാസുപത്രി ആരംഭിച്ചത്.
1980ലാണ് ആശുപത്രിയെ വെറ്റിനറി പോളിക്ലിനിക്കായി ഉയര്‍ത്തിയത്. ഇതോടെ ആശുപത്രിയില്‍ സീനിയര്‍ വെറ്റിനറി സര്‍ജന്‍, വെറ്റിനറി സര്‍ജന്‍ അടയ്ക്കം രണ്ട് ഡോക്ടര്‍മാരും ഒരു ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടറും ഒരു ലാബ് ടെക്‌നീഷ്യനും ഒരു ക്ലര്‍ക്കും രണ്ട് അറ്റന്‍ഡര്‍മാരും ഒരു സഌപ്പര്‍ അടക്കം എട്ടോളം ജീവനക്കാരാണുള്ളത്. മൂവാറ്റുപുഴ താലൂക്കിന് കീഴിലുള്ള 17ഓളം മൃഗാശുപത്രികളുടെ സര്‍ക്കാര്‍ പദ്ധതികള്‍ ഏകോപിപ്പിക്കുന്ന കോ-ഓഡിനേഷന്‍ ഓഫിസാണിത്. ബ്ലോക്കിന് കീഴില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറുവരെ പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി നൈറ്റ് സര്‍വീസും ഇവിടെ പ്രവര്‍ത്തിച്ച് വരുന്നു.
ജില്ലയുടെ കിഴക്കന്‍ മേഖലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ഏക ലാബും ഇവിടെ പ്രവര്‍ത്തിച്ച് വരുന്നു. ഇതിന് പുറമേ അത്യാധുനീക സൗകര്യങ്ങളോട് കൂടിയ എസി ഓപറേഷന്‍ തിയേറ്ററും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  മൂവാറ്റുപുഴ മൃഗാശുപത്രിയ്ക്ക് ഐഎസ്ഒ 90012008 അംഗീകരം ലഭിക്കുന്നതിനുള്ള നടപടികള്‍ക്കായി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എംഎല്‍എ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജുവിന് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് അഞ്ച് ലക്ഷം രൂപ അനുവദിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും  എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it