ernakulam local

മൂവാറ്റുപുഴ നഗരസഭയില്‍ വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കുന്ന പദ്ധതിക്ക് തുടക്കം



മൂവാറ്റുപുഴ: നഗരസഭയില്‍ വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കുന്ന പദ്ധതിക്ക് തുടക്കമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയും കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകളും നഗരസഭയുടെ ഗുണഭോക്തൃ വിഹിതവും കോര്‍ത്തിണക്കി പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയും വഴിയാണ് വീടില്ലാത്തവര്‍ക്കായി ഭവന നിര്‍മാണത്തിന് തുടക്കം കുറിയ്ക്കുന്നത്. ക്രഡിറ്റ് ലിങ്ക് സബ്‌സിഡി പദ്ധതിയുടെ ഭാഗമായി 153പേരെ സര്‍വേ പ്രകാരം കണ്ടെത്തിയിച്ചുണ്ട്. ഇവര്‍ക്ക് മൂവാറ്റുപുഴയിലെ ബാങ്കുകളുടെ സഹകരണത്തോടുകൂടി ഇവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഭവനം നിര്‍മിക്കുന്നതിനായി ആറ് ലക്ഷം രൂപ നാല് ശതമാനം പലിശയ്ക്ക് ലോണ്‍ ലഭ്യമാക്കും. ഇതില്‍ രണ്ട് ലക്ഷം രൂപ സബ്‌സിഡിയായി ഗുണഭോക്താവിന് ലഭിക്കും. ആറ് ലക്ഷം രൂപയില്‍ കൂടുതല്‍ ലോണാവശ്യമുള്ളവര്‍ക്ക് സബ്‌സിഡിയില്ലാതെയും ലോണ്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. ഗുണഭോക്താക്കളേയും ബാങ്ക് പ്രതിനിധികളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ യോഗം നടക്കും. യോഗം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍മാന്‍ പി കെ ബാബുരാജ് അധ്യക്ഷതവഹിക്കും. ക്ഷേമകാര്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ എം എ സഹീര്‍ പദ്ധതി വിശദീകരണം നടത്തും. സ്വന്തമായി സ്ഥലമുള്ളവരും വീടില്ലാത്തതുമായ 176പേരെയാണ് നഗരസഭയില്‍ സര്‍വ്വേയിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്ക് വീട് നിര്‍മിക്കുന്നതിനായി രണ്ടര ലക്ഷം രൂപയും അമ്പതിനായിരം രൂപ ഗുണഭോക്തൃ വിഹിതവുമടക്കം മൂന്ന് ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ ഒന്നാം ഘട്ടത്തില്‍ 90പേര്‍ക്ക് സംസ്ഥാന,കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച് ഭവന നിര്‍മാണം നടന്ന് വരികയാണ്. രണ്ടാം ഘട്ടത്തില്‍ 86പേര്‍ക്കുള്ള ഭവന നിര്‍മാണത്തിനുള്ള അംഗീകാരം ലഭിച്ച് കഴിഞ്ഞു. ഇവരുടെ ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നഗരസഭയില്‍ സ്ഥലവും വീടും ഇല്ലാത്ത 700ഓളം അപേക്ഷകരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ക്ക് ഭവന നിര്‍മാണത്തിനായി ഒരേക്കര്‍ സ്ഥലം നഗരസഭ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഫഌറ്റ് സമുച്ചയം നിര്‍മിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ നഗരസഭയുടെ വിവിധ പ്രദേശങ്ങളിലുള്ള പുറമ്പോക്ക് ഭൂമി കണ്ടെത്തി ഇവര്‍ക്ക് ഭവനം നിര്‍മിച്ച് നല്‍കാനുള്ള നടപടികളും പുരോഗമിച്ച് വരികയാണ്. ഭവന പദ്ധതി പൂര്‍ണമായി നടപ്പാകുന്നതോടെ മൂവാറ്റുപുഴ നഗരസഭയെ ഭവന രഹിതരില്ലാത്ത നഗരസഭയാക്കി മാറ്റുന്നതിനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it