ernakulam local

മൂവാറ്റുപുഴ നഗരസഭയിലെ പകുതിയോളം വാര്‍ഡുകളിലും കടുത്ത പോരാട്ടം

മൂവാറ്റുപുഴ: നഗരസഭയിലെ പകുതിയോളം വാര്‍ഡുകളും തീ പാറുന്ന പോരാട്ടത്തിനു വേദിയാവുന്നു. ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫിലെ പി കെ ബാബുരാജിനെതിരേ യുഡിഎഫിലെ വി എ രാജന്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തുകയാണ്. സിപിഐയുടെ സിറ്റിങ് സീറ്റാണിത്. രണ്ടാം വാര്‍ഡില്‍ പുതുമുഖങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. ഇവിടെ സിപിഎമ്മിലെ വിജയകുമാറിനെ നേരിടുന്നത് കേരള കോണ്‍ഗ്രസ് എമ്മിലെ ടി പി ജിജിയാണ്.
മൂന്നാം വാര്‍ഡില്‍ ചതുഷ്‌കോണ മല്‍സരത്തിനാണ് വേദിയായിരിക്കുന്നത്. കോണ്‍ഗ്രസ്സിലെ ജയ്‌സണ്‍ തോട്ടത്തിലിനെതിരേ മുന്‍ കൗണ്‍സിലര്‍ കെ യൂസഫാണ് മല്‍സരിക്കുന്നത്. കോ ണ്‍ഗ്രസ്സിലെ കൗണ്‍സിലര്‍ നസീര്‍ അന്ത്രു കൊച്ച് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി തോമസ് പുഞ്ചക്കര റെയും വിമതരായി മല്‍സരിക്കാനെത്തിയതോടെ വാര്‍ഡ് ശ്രദ്ധാകേന്ദ്രമായത്.
നാലാം വാര്‍ഡില്‍ മുന്‍ നഗരസഭാ ചെയര്‍മാനും സിപിഎം നേതാവുമായ എം എ സഹീറിനെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവായ മുഹമ്മദ് ചെറുകപ്പിള്ളിയാണ് മല്‍സരിക്കുന്നത്. അഞ്ചാം വാര്‍ഡില്‍ ലീഗിലെ സിറ്റിങ് കൗണ്‍സിലര്‍ സ്വതന്ത്രയായി എത്തിയതോടെ മല്‍സരം പ്രവചനാതീതമാണ്. കോ ണ്‍ഗ്രസ്സിലെ സുമിഷ നൗഷാദാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സിപിഐയ്ക്ക് നല്‍കിയ സീറ്റില്‍ നസീമ അസീസാണ് എതിരാളി. ആറാം വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ ഉമാമത്ത് സലീമിനെ നേരിടുന്നത് കോണ്‍ഗ്രസ്സിലെ സുനിത ടീച്ചറാണ്.
ഏഴാം വാര്‍ഡില്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ കെ ജയപ്രകാശിനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. സിപിഎമ്മിലെ യുവനേതാവ് ആര്‍ രാകേഷാണ് എതിരാളി. ബിജെപിക്കുവേണ്ടി കൗണ്‍സിലര്‍ പ്രേംചന്ദാണ് മല്‍സരിക്കുന്നത്. മുസ്‌ലിം ലീഗിലെ എം എം മുഹമ്മദ്, സിപിഐയിലെ ഉവൈസ് പടിഞ്ഞാറെച്ചാലില്‍, സിറ്റിങ് കൗണ്‍സിലര്‍ കെ എം കബീര്‍, സ്വതന്ത്രന്‍ ഹസന്‍കുഞ്ഞ് എന്നിവരാണ് രംഗത്ത്. കെ എം കബീര്‍ വാര്‍ഡ് മാറി സ്വതന്ത്രനായി മല്‍സരിക്കാനെത്തിയതോടെ തീപാറുന്ന പോരാട്ടമാണ് ദൃശ്യമാവുന്നത്. വനിതകള്‍ നേരിട്ട് ഏറ്റുമുട്ടുന്ന ഒമ്പതാം വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ ഷൈല അബ്ദുല്ലയെ നേരിടുന്നത് സിറ്റിങ് കൗണ്‍സിലര്‍ സിപിഎമ്മിലെ നെജി സഹീറാണ്.
പത്താം വാര്‍ഡില്‍ ശക്തമായ മല്‍സരമാണ് നടക്കുന്നത്. സിറ്റിങ് കൗണ്‍സിലര്‍ സി എം ഷുക്കൂര്‍, സിപിഎമ്മിലെ സമദ് കട്ടക്കയത്തെയാണ് നേരിടുന്നത്. പന്ത്രണ്ടാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥി കബീര്‍ പട്ടമ്മാമുട്ടിക്കെതിരേ കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹിയാണ് വിമതനായി മല്‍സരിക്കാനെത്തിയത്. ഫലം പ്രവചനാതീതമാവുകയാണ്. സി എം സീതിയാണ് സിപിഎം സ്ഥാനാര്‍ഥി. പതിമൂന്നാം വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ കോ ണ്‍ഗ്രസ്സിലെ കെ എം അബ്ദുസലാമിനെതിരേ സിപിഎമ്മിലെ പുതുമുഖം എ കെ അജബ് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. പതിനഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസ്സിലെ ബിജിമോളും സിപിഎമ്മിലെ സെലിന്‍ ജോര്‍ജുമാണ് ഏറ്റുമുട്ടുന്നത്. പതിനെട്ടാം വാര്‍ഡില്‍ സിറ്റിങ് കൗണ്‍സിലര്‍ സിപിഎമ്മിലെ പി എന്‍ സന്തോഷ് വാര്‍ഡ് മാറി മല്‍സരിക്കാനെത്തുമ്പോള്‍ പുതുമുഖമായ ജിനു മടേക്കനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.
19ാം വാര്‍ഡില്‍ സിറ്റിങ് കൗണ്‍സിലര്‍ ബീന വിനയനെയാണ് കോണ്‍ഗ്രസ് ജനറല്‍ സീറ്റില്‍ മല്‍സരിപ്പിക്കുന്നത്. ബിനീഷ്‌കുമാറാണ് സിപിഎം സ്ഥാനാര്‍ഥി. പട്ടികജാതി സംവരണ വാര്‍ഡായ 22ല്‍ സീറ്റിങ് കൗണ്‍സിലര്‍ സിപിഎമ്മിലെ ബി എന്‍ ശശിക്കെതിരേ സന്തോഷ്‌കുമാറിനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. 26ാം വാ ര്‍ഡില്‍ മുന്‍ ചെയര്‍പേഴ്‌സന്‍ മേരി ജോര്‍ജിനെയാണ് ഒടുവില്‍ സിപിഎം രംഗത്ത് ഇറക്കിയിരിക്കുന്നത്. വാര്‍ഡുകാരിയായ യുഡിഎഫിലെ ചിന്നമ്മ ടീച്ചര്‍ മേരി ജോര്‍ജിന് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
Next Story

RELATED STORIES

Share it