ernakulam local

മൂവാറ്റുപുഴ നഗരം കഞ്ചാവ് മാഫിയയുടെ ഇടത്താവളമാവുന്നു

മൂവാറ്റുപുഴ: നഗരം കഞ്ചാവ് മാഫിയയുടെ ഇടത്താവളമായി മാറുന്നു. അധികൃതര്‍ നിസംഗതയില്‍. പേരിനുമാത്രം ചില അന്യസംസ്ഥാന തൊഴിലാളികളെ പിടികൂടുന്നതൊഴിച്ചാല്‍ വമ്പന്‍ സ്രാവുകളെ തെടാന്‍പോലും അധികൃതര്‍ക്ക് ആവുന്നില്ല. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നാണ് കിലോക്കണക്കിന് കഞ്ചാവ് മൂവാറ്റുപുഴയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ചില്ലറ വില്‍പനക്കായി കൊണ്ടുപോവുന്നു. വന്‍ കഞ്ചാവ് മാഫിയ സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
പരാതിയേറുമ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളെ ചിലരെ പിടികൂടി നിസാര വകുപ്പ് ചുമത്തുന്നതിനാല്‍ രണ്ടുദിവസത്തിനുള്ളില്‍ ജാമ്യത്തിലറങ്ങി കച്ചവടം വീണ്ടും തുടരും. വിദ്യാര്‍ഥികളെയും യുവാക്കളേയുമാണ് കൂടുതലായും സംഘം വില്‍പനക്കായി ഉപയോഗിക്കുന്നത്. അടിപൊളി ജീവിതം നയിക്കാനുള്ള പണം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ വളരെപ്പെട്ടെന്ന് സംഘത്തിന്റെ വലയില്‍ അകപ്പെടുന്നത്.
ഒറീസയില്‍നിന്നും കഞ്ചാവ് എത്തുന്നുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ കഞ്ചാവ് വിറ്റഴിക്കുമ്പോഴും സംഘത്തിലെ പ്രധാനികളില്‍പ്പെട്ട ഒരാളെപ്പോലും അധികൃതര്‍ക്കു പിടികൂടാനാവാത്തത് ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസവും പല്ലാരിമംഗലം, മൂവാറ്റുപുഴ സ്വദേശികളായ രണ്ട് പേരെയും എക്‌സൈസ് സംഘം പിടികൂടിയിരുന്നു. എന്നാ ല്‍ ഇവര്‍ക്ക് ആരാണ് കഞ്ചാവ് നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നില്ല.
കഞ്ചാവ് മാഫിയയുമായുള്ള അവിഹിത ബന്ധമാണ് ഇതിനു കാരണമായി നാട്ടുകാര്‍ പറയുന്നത്. വിതരണക്കാരായി പ്രവര്‍ത്തിക്കുന്ന ചിലരെ മാത്രം പിടികൂടി ഉന്നതരെ രക്ഷിക്കുന്ന സമീപനമാണ് അധികൃതര്‍ ചെയ്തുവരുന്നതെന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it