ernakulam local

മൂവാറ്റുപുഴയില്‍ വീണ്ടും ശുചിമുറി മാലിന്യം തള്ളി

മൂവാറ്റുപുഴ: കൊച്ചി-മധുര ദേശീയപാതയില്‍ വീണ്ടും ശുചി മുറി മാലിന്യം തള്ളി. കടാതി റൂറല്‍ സഹകരണ സംഘം ഓഫിസിന്റെ എതിര്‍വശത്തുള്ള നാഷണല്‍ ഹൈവേയുടെ ഓടയിലേക്കാണ് ചൊവ്വാഴച രാത്രിയില്‍ വാഹനത്തില്‍ കൊണ്ട് വന്ന് ശുചി മുറി മാലിന്യം തള്ളിയത്. കടാതി പാലത്തിലും, പെരുവം മുഴിയിലും രണ്ടാഴ്ച മുമ്പ് ശുചി മുറി മാലിന്യം തള്ളാനെത്തിയ വാഹനങ്ങള്‍ നാട്ടുകാര്‍ തല്ലികര്‍ത്തിരുന്നു. ഇതിന് ശേഷം പേഴക്കാപ്പിള്ളിയിലും മാറാടിയിലും രാത്രി കാലങ്ങളില്‍ മാലിന്യം തള്ളിയിരുന്നു. രാത്രി കാലത്ത് പോലിസ് നിരീക്ഷണം ശക്തമാക്കിയിരുന്നതിനെ തുടര്‍ന്ന് കുറെ ദിവസം ഇവിടുങ്ങളിലൊന്നും ശുചി മുറി മാലിന്യം റോഡരികില്‍ തള്ളാന്‍ ആരും മുതിര്‍ന്നില്ല. ഇതിനിടെയാണ് ഇന്നലെ വീണ്ടും കടാതിയില്‍ ദേശീയ പാതയില്‍ കക്കൂസ് മാലിന്യം തള്ളിയത്. ശുചി മുറി മാലിന്യം തള്ളിയ നിലയില്‍ വഴിയാത്രക്കാര്‍ കണ്ടതോടെ നഗരസഭയില്‍ വിളിച്ചറിയിച്ചെങ്കിലും, ദുര്‍ഗന്ധം വമിക്കുന്ന ശുചി മുറി മാലിന്യം നീക്കം ചെയ്യാന്‍ നഗരസഭാ അധികൃതര്‍ തയ്യാറായില്ല. പലവട്ടം നഗരസഭയില്‍ പരാതി പറഞ്ഞിട്ടും, നഗരസഭയിലെ ആരോഗ്യ വിഭാഗം ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ല. മണിക്കൂറുകള്‍ക്ക് ശേഷം ആരോഗ്യ വിഭാഗത്തിലെ കണ്ടിജന്റ് വിഭാഗക്കാരെത്തി മാലിന്യത്തിന് മുകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറിയതല്ലാതെ റോഡരികില്‍ നിന്നും മാലിന്യ കൂമ്പാരം നീക്കം ചെയ്തില്ല. നഗരസഭക്ക് സ്വന്തമായി ചെറിയ ടാങ്കര്‍ വാഹനങ്ങള്‍ ഉണ്ടെങ്കിലും വെള്ളം അടിച്ച് ഓട ശുചീകരിക്കാന്‍ തയ്യാറാകാത്ത നടപടിയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it