ernakulam local

മൂവാറ്റുപുഴയില്‍ പട്ടണ ശുചീകരണ യാത്ര ആവേശമായി



മൂവാറ്റുപുഴ: ചാറ്റല്‍മഴ പോലും മാറിനിന്ന് സഹകരിച്ച മൂന്നുമണിക്കൂറിനുള്ളില്‍ മൂവാറ്റുപുഴ നഗരത്തില്‍ റെഡ്‌ക്രോസിന്റെയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെയും  നേതൃത്വത്തില്‍ ശുചീകരണ ശ്രമദാനം. 130 ജങ്ഷനില്‍നിന്നും കച്ചേരിത്താഴം വരെയുള്ള പ്രദേശത്തെ മാലിന്യങ്ങള്‍ നീക്കംചെയ്താണ് ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പട്ടണ ശുചീകരണ യാത്ര സംഘടിപ്പിച്ചത്. യാത്രയിലുടനീളം എല്‍ദോ എബ്രഹാം എംഎല്‍എയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ഒത്തുചേര്‍ന്നതോടെ യാത്ര മാതൃകാപരമായ ശുചീകരണ യജ്ഞമായി. റെഡ്‌ക്രോസ് പ്രവര്‍ത്തകര്‍ക്കൊപ്പം നിര്‍മല മെഡിക്കല്‍ സെന്ററിലെ നഴ്‌സിങ് വിദ്യാര്‍ഥിനികളും സെന്റ്് അഗസ്റ്റ്യസ് സ്‌കൂളിലെ ജൂണിയര്‍ റെഡ്‌ക്രോസ് അംഗങ്ങളും നഗരസഭ കൗണ്‍സിലര്‍മാരും പരിപാടിയില്‍ പങ്കാളികളായി. റെഡ്‌ക്രോസിന്റെയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 130 ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച യാത്ര എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ ഉഷ ശശിധരന്‍ അധ്യക്ഷത വഹിച്ചു. അഡീഷ്ണല്‍ ജില്ലാ ജഡ്ജ് കെ.എ. ബേബി ഫലവൃക്ഷ തൈ വിതരണോദ്ഘാടനം നിര്‍വഹിച്ചു. രാവിലെ ഒമ്പതരയ്ക്ക് ആരംഭിച്ച യാത്ര ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സമാപിച്ചത്. ജനപ്രതിനിധികളടക്കം 100ഓളം പേര്‍ പരിപാടിയില്‍ പങ്കാളികളായി. റെഡ്‌ക്രോസ് ചെയര്‍മാന്‍ സി വി പോള്‍ ചാത്തംകണ്ടം, ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി ജിമ്മി ജോസ്, കൗണ്‍സിലര്‍മാരായ ജിനു മടേയ്ക്കല്‍, ബിനീഷ് കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it