ernakulam local

മൂവാറ്റുപുഴയില്‍ ജൂലൈ ഒന്നുമുതല്‍ ഗതാഗതപരിഷ്‌കാരം; എതിര്‍പ്പുമായി കോണ്‍ഗ്രസ്

മൂവാറ്റുപുഴ: നഗരത്തില്‍ ജൂലൈ ഒന്നുമുതല്‍ ഗതാഗതപരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ നഗരസഭാ തീരുമാനം. എതിര്‍പ്പുമായി കോണ്‍ഗ്രസ് രംഗത്ത്.
നഗരസഭാ ചെയര്‍പേഴ്‌സന്‍ ഉഷ ശശിധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗതാഗത ഉപദേശകസമിതി യോഗമാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. നഗരത്തിലെ ടി ബി റോഡ് വണ്‍വേ ആക്കും. വള്ളക്കാലിപ്പടിയിലെ ബസ്‌സ്റ്റോപ്പ് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിക്കു മുന്നിലേക്കു നീക്കും. കച്ചേരിത്താഴം പിഒ ജങ്ഷന്‍ വരെയും ഒറ്റവരിയായി പാര്‍ക്കിങ് അനുവദിക്കും. കച്ചേരിത്താഴം, പിഒ ജങ്ഷനിലും മാത്രം യുടേണ്‍ അനുവദിക്കും. ആരക്കുഴ റോഡ് വഴി വരുന്ന വാഹനങ്ങള്‍ നാസ് റോഡ് വഴി എംസി റോഡിലൂടെ കെഎസ്ആര്‍ടിസിക്കു മുന്നിലൂടെ തിരിച്ചുവിടും. അരമനപ്പടിയിലുള്ള ബസ് സ്റ്റോപ്പ് ബിഎസ്എന്‍എല്‍ ഓഫിസിനു മുന്നിലേക്ക് മാറ്റുകയും എസ്എന്‍ഡിപി ജങ്ഷനിലെ ബസ്‌സ്റ്റോപ്പ് ഇതില്‍ ലയിപ്പിക്കുകയും ചെയ്യും.
കോതമംഗലം കാളിയാര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ റോട്ടറി റോഡ് വഴി നഗരത്തില്‍ പ്രവേശിക്കണം. എറണാകുളം-പെരുമ്പാവൂര്‍ ഭാഗത്തുനിന്നു കോതമംഗലത്തേക്കുള്ള വാഹനങ്ങളും ഇഇസി മാര്‍ക്കറ്റ് വഴി തിരിച്ചുവിടും. നെഹ്‌റു പാര്‍ക്കിലെ ബസ് ബേയിലെ പാര്‍ക്കിങ് നിരോധിക്കും. വെള്ളൂര്‍ക്കുന്നം സിഗ്നലിനു സമീപമുള്ള വാഹനപരിശോധന അവസാനിപ്പിക്കും. വാഴപ്പിള്ളി ഐടിആറിന് മുന്‍ഭാഗത്ത് ബസ്സുകള്‍ നിര്‍ത്തുന്നത് ഒഴിവാക്കും. മൂവാറ്റുപുഴ ഭാഗത്തുനിന്നു വരുന്ന ബസ്സുകള്‍ക്ക് പഴയ എംപ്ലോയ്‌മെന്റ് ഓഫിസിനു മുന്നില്‍ സ്റ്റോപ്പ് അനുവദിക്കും. തടിലോറികള്‍ക്ക് രാത്രി എട്ടിനുശേഷം മാത്രം ടൗണിലേക്ക് പ്രവേശനം അനുവദിക്കും. എവറസ്റ്റ് ജങ്ഷന്‍ മുതല്‍ കീച്ചേരിപ്പടിവരെ വ്യാപാരികള്‍ ലോഡ് ഇറക്കുന്നതിന് രാവിലെ 8.30മുതല്‍ 10.30വരെയും ഉച്ചകഴിഞ്ഞ് 3.30മുതല്‍ 5.30 വരെയും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു. തൊടുപുഴ ബസ്സുകള്‍ ലതാ സ്റ്റാന്റില്‍ പ്രവേശിക്കും. ജനറല്‍ ആശുപത്രി ജങ്ഷനിലെ വെയിറ്റിങ് ഷെഡും തട്ടുകടകളും പൊളിച്ചു നീക്കും തുടങ്ങിയ നിര്‍ദേശങ്ങളാണ് നടപ്പാക്കുന്നത്.
എന്നാല്‍ ഗതാഗതപരിഷ്‌കാരങ്ങള്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തിയല്ലെന്ന് കുറ്റപ്പെടുത്തി ഡിസിസി സെക്രട്ടറി പി പി എല്‍ദോസ് രംഗത്തെത്തി. പാര്‍ക്കിങ് ഇല്ലാതാക്കുകയും ബസ് സ്റ്റോപ്പുകള്‍ മാറ്റുകയും ചെയ്തത് അപ്രായോഗികമാമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it