ernakulam local

മൂവാറ്റുപുഴയില്‍ ഉഷ ശശിധരന്‍ ചെയര്‍പേഴ്‌സനാവും

മൂവാറ്റുപുഴ: നഗരസഭയില്‍ സിപിഎമ്മിലെ ഉഷ ശശിധരന്‍ ചെയര്‍പേഴ്‌സനാവും. ജില്ലാ കമ്മിറ്റിയുടെ പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാവും. 27ാം വാര്‍ഡായ തീക്കൊള്ളിപ്പാറയില്‍ നിന്ന് വിജയിച്ച ഉഷ മൂന്നാം വട്ടമാണ് കൗണ്‍സിലറാവുന്നത്.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറി, പാര്‍ട്ടി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കൗണ്‍സിലിലെ മുതിര്‍ന്ന പാര്‍ട്ടിയംഗം എന്ന പരിഗണനയാണ് ചെയര്‍പേഴ്‌സന്‍ സ്ഥാനത്തെത്താന്‍ ഉഷ ശശിധരന് തുണയായത്.
നഗരസഭാധ്യക്ഷ പദം വനിത സംവരണമായതോടെ പ്രമുഖരായ നാലു വനിതകളാണ് സിപിഎം ടിക്കറ്റില്‍ മല്‍സരിച്ചത്. മുന്‍ ചെയര്‍പേഴ്‌സന്‍ മേരി ജോര്‍ജ് തോട്ടമായിരുന്നു ഇവരില്‍ പ്രധാനി. ഇത് നാലാം വട്ടമാണ് ഇവര്‍ കൗണ്‍സിലിലെത്തിയത്.
എന്നാല്‍ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്കു വീണ്ടും പരിഗണിക്കില്ലെന്ന് മേരി ജോര്‍ജില്‍നിന്നും എഴുതി വാങ്ങിയശേഷമാണ് ഇവര്‍ക്ക് 26ാം വാര്‍ഡില്‍ സിപിഎം സീറ്റ് നല്‍കിയത്. അരനൂറ്റാണ്ട് പിന്നിട്ട നഗരസഭാ കൗണ്‍സിലിന്റെ ചരിത്രത്തില്‍ നാലു പതിറ്റാണ്ടോളം ഭരണം നടത്തിയത് സിപിഎമ്മിന്റെ നേതൃത്വത്തിലായിരുന്നു.
2005 മുതലുള്ള മേരി ജോര്‍ജിന്റെ ഭരണകാലത്ത് നിരവധി അഴിമതി ആരോപണങ്ങള്‍ ഉയരുകയും ഒടുവില്‍ വിജിലന്‍സ് കേസില്‍പെടുകയും ചെയ്തത് പാര്‍ട്ടിക്കു നാണക്കേടുണ്ടായി. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയിലേക്ക് മേരി ജോര്‍ജ് ദയനീയമായി പരാജയപ്പെടുകയും ചെയ്തു.
ലോക്കല്‍ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റുമായ ഉമാമത്ത് സലിമായിരുന്നു മറ്റൊരു വനിത. ഇവര്‍ മൂന്നാം വട്ടമാണ് വിജയിച്ചത്.
സിപിഎം ചെയര്‍മാന്‍ പദവിയിലേക്ക് നേരത്തെ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇത്തവണ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കാവുങ്കര മേഖലയില്‍നിന്ന് രണ്ടുപേര്‍ മാത്രം വിജയിച്ചതാണ് കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷമുള്ള ഹിന്ദുസമുദായത്തില്‍ നിന്നുള്ള വനിതയെ സ്ഥാനത്തേക്കു പരിഗണിച്ചത്. സിപിഎമ്മിനുള്ള 13 കൗണ്‍സിലര്‍മാരില്‍ മൂന്നുപേര്‍ മാത്രമാണ് മുസ്‌ലിം സമുദായത്തില്‍നിന്നുള്ളത്.
രണ്ട് ക്രിസ്ത്യന്‍ പ്രതിനിധികളുമൊഴിച്ചാല്‍ എട്ടുപേരും ഹിന്ദുക്കളാണ്. കാവുങ്കര മേഖലയില്‍നിന്നുള്ള 3,9,10 വാര്‍ഡുകളിലെ പരാജയമാണ് മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞത്.
സിപിഎം ഏരിയാ കമ്മിറ്റി രണ്ട് പേരുകളാണ് ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്കു നിര്‍ദേശിച്ചു ജില്ലാ കമ്മിറ്റിക്കു സമര്‍പിച്ചത്. ഇവരില്‍ പ്രഥമ പരിഗണന ഉഷ ശശിധരന്റെ പേരിനായിരുന്നു. ഉമാമത്ത് സലിമായിരുന്നു മറ്റൊരു വനിത. ഏരിയാ കമ്മിറ്റിയുടെ നിര്‍ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചതോടെ മൂവാറ്റുപുഴ നഗരസഭാ അധ്യക്ഷയാവുന്ന രണ്ടാമത്തെ വനിതയാണ് ഉഷ ശശിധരന്‍. ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പ് 18ന് നടക്കും.
Next Story

RELATED STORIES

Share it