ernakulam local

മൂവാറ്റുപുഴയാര്‍ മലിനീകരണം : വിശദീകരണം നല്‍കാന്‍ കോടതി ഉത്തരവ്



മൂവാറ്റുപുഴ: പുഴ മലിനീകരണത്തിനെതിരേ ഫയല്‍ ചെയ്ത കേസില്‍ ജില്ലാ കലക്ടര്‍ ഉള്‍പെടെ ഒമ്പതു പേര്‍ കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ മൂവാറ്റുപുഴ മുന്‍സിഫ് കോടതിയുടെ ഉത്തരവ്. പതിനായിരക്കണക്കിനാളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മൂവാറ്റുപുഴയാറിലെ രൂക്ഷമായ മലിനീകരണംമൂലം ഇകോളി ബാക്ടീരിയ വെള്ളത്തില്‍ വ്യാപകമായതായി പരിശോധനയില്‍ കണ്ടെത്തുകയും മാരകമായ അസുഖങ്ങള്‍ പടരുന്നതിനെക്കുറിച്ച് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. മൂവാറ്റുപുഴയാറിന്റെ ദുരവസ്ഥ നേരിട്ടറിഞ്ഞതിനെ തുടര്‍ന്നു  മൂവാറ്റുപുഴയിലെ പൊതു പ്രവര്‍ത്തകരായ ഒ വി അനീഷ്, ജോണി മെതിപ്പാറ എന്നിവരാണ് കോടതിയെ സമീപിച്ചത്. പ്രശ്‌നത്തില്‍ ഇടപെട്ട കോടതി അടിയന്തര സാഹചര്യം കണക്കിലെടുത്ത് വെള്ളത്തിന്റെ ഗുണനിലവാരം ശാസ്ത്രീയമായി പരിശോധിക്കുന്നതിന് ഡോക്ടര്‍മാരുടെ സംഘത്തെ ചുമതലപ്പെടുത്തി. അഭിഭാഷക കമ്മീഷന്‍ സ്ഥല പരിശോധന നടത്തുന്ന വിവരം കാണിച്ച് നഗരസഭ അധികൃതര്‍ക്കും തഹസീല്‍ദാര്‍ക്കും നോട്ടീസ് നേരിട്ട് കൊടുത്തെങ്കിലും അധികൃതര്‍ നിഷേധാത്മകമായ നിലപാട് സ്വീകരിച്ചതായി കമ്മീഷന്‍ കോടതിയെ ബോധിപ്പിച്ചു. വെള്ളൂര്‍ക്കുന്നം ക്ഷേത്രം കടവ് മുതല്‍ പേട്ട കുളികടവ് വരെ എട്ടോളം സ്ഥലങ്ങളില്‍ കമ്മീഷനും സംഘവും തെളിവെടുപ്പ് നടത്തുകയും വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് സര്‍ക്കാര്‍ ലാബില്‍ മുദ്രവച്ച് എത്തിക്കുകയും ചെയ്തിരുന്നു. നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്‌സ് സ്ഥിതിചെയ്യുന്ന പോസ്റ്റ് ഓഫിസ് ജങ്ഷനിലെ സത്രം കോംപ്ലക്‌സിലെ മാലിന്യത്തിന്റെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാെണന്ന് വിദഗ്ധ സംഘത്തിലെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. മഴക്കാലം അല്ലാഞ്ഞിട്ടും ഇപ്പോഴും പിഡബ്ലുഡി ഓടകളില്‍കൂടി 24 മണിക്കൂറും മലിനജലം ഒഴുക്കുകയാണെന്നും പ്രകൃതിദത്ത വെള്ളത്തിന്റെ ഒഴുക്കിനെ സഹായിക്കുന്നതിനായി നിര്‍മിച്ചിട്ടുള്ള പിഡബ്ലുഡി ഓടകളില്‍ മലിനജലം മാത്രമാണ് ഒഴുകുന്നതെന്നതിന് പിഡബ്ലുഡി അധികൃതരാണ് ഉത്തരവാദികളെന്നും ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു. പിഡബ്ലുഡി ഓടകളില്‍കൂടി മലവും മൂത്രവും ഒഴുകി മറ്റു മാലിന്യങ്ങളോടൊപ്പം പുഴയില്‍ പതിക്കുന്നത് വേനല്‍കാലത്ത് മാരകമായ പകര്‍ച്ചവ്യാധികള്‍ക്കു ഇടയാക്കുമെന്നും ഇത് നിയന്ത്രിക്കേണ്ട നാലാം പ്രതിയായ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, നഗരസഭാ സെക്രട്ടറി, ആറാം പ്രതി പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അധികൃതര്‍ തുടങ്ങിയവര്‍ കുറ്റകരമായ കൃത്യവിലോപം നടത്തുകയാണെന്നും ഇവരെ മാതൃകാപരമായി ശിക്ഷാ നടപടികള്‍ക്കു വിധേയരാക്കേണ്ടതുണ്ടെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. മൂവാറ്റുപുഴയാറിന്റെ മാലിന്യ നിര്‍മാര്‍ജനത്തിനായി കിറ്റ്‌കോയുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും യാതൊരു നടപടികളും നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മൂവാറ്റുപുയാറിലെ വെള്ളം ഉപയോഗശൂന്യമായ അവസ്ഥയില്‍ അധികൃതര്‍ കൊണ്ടെത്തിച്ചുവെന്ന ഹര്‍ജിക്കാരുടെ വാദത്തെ തുടര്‍ന്നാണ് കോടതി അടിയന്തര നടപടികള്‍ക്ക് ഉത്തരവിട്ടതും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരോട് ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it