Flash News

മൂവായിരത്തി എണ്ണൂറ് മല്‍സ്യബന്ധന ബോട്ടുകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു

കൊല്ലം:സംസ്ഥാനത്തെ മൂവായിരത്തി എണ്ണൂറ് മല്‍സ്യബന്ധന ബോട്ടുകള്‍ ഈ മാസം 15 മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഇന്ധനവില കുറച്ചുകൊണ്ട് മല്‍സ്യബന്ധനമേഖലയെ സംരക്ഷിക്കുക,അന്‍പത്തെട്ട് ഇനം മല്‍സ്യങ്ങളുടെ മിനിമം ലീഗല്‍സെസ് നടപ്പാക്കുന്നതില്‍ കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടി(സി.എം.എഫ്.ആര്‍.ഐ)ന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക തുടങ്ങിയ അവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് ഓള്‍കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പീറ്റര്‍ മത്യാസ്,ജനറല്‍സെക്രട്ടറി ജോസഫ് സേവ്യര്‍ കളപ്പുരക്കല്‍,ഭാരവാഹികളായ ചാര്‍ളി ജോസഫ്,നെയ്തില്‍ വിന്‍സന്റ്,അല്‍ഫോണ്‍സ് ഫിലിപ്പ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഒരുവര്‍ഷക്കാലമായി ചെറുമീന്‍ പിടിക്കുന്നെന്ന പേരില്‍ ബോട്ടുകള്‍ക്ക് ഭീമമായ പിഴയാണ് ഈടാക്കുന്നത്. ഇക്കാര്യത്തില്‍ പഠനം നടത്തിയ സി.എം.എഫ്.ആര്‍.ഐ ശുപാര്‍ശ ചെയ്തത് പിടിച്ചുകൊണ്ടുവരുന്ന മല്‍സ്യത്തില്‍ അമ്പതുശതമാനത്തില്‍ കൂടുതല്‍ ചെറിയ മല്‍സ്യങ്ങള്‍ ഉണ്ടങ്കില്‍ മാത്രമേ പിഴയോ നടപടികളോ പാലിക്കാവു എന്നായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതു നിയമാക്കിയപ്പോള്‍ ചെറുമീനിന്റെ സാന്നിധ്യമെന്നാക്കിയത് മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി മാറി. എന്നാല്‍ ഇക്കാര്യത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് നേതാക്കള്‍ പറഞ്ഞു. കേരളാ മറൈന്‍ ഫിഷിംഗ് റെഗുലേഷന്‍ ആക്ട് ഭേദഗതി കാലഘട്ടത്തിന് അനുസരിച്ചല്ല നടപ്പാക്കിയിരിക്കുന്നത്. പ്രാദേശികജില്ലാതല കൗണ്‍സിലുകള്‍ക്കു രൂപം നല്‍കുമെന്ന നിര്‍ദ്ദേശം കാലഹരണപ്പെട്ടതാണ്. ഈ വര്‍ഷം യന്ത്രവല്‍ക്കൃത മല്‍സ്യബന്ധന യാനങ്ങള്‍ക്ക് മൂന്നു മുതല ഏഴുകോടി രൂപവരെ മല്‍സ്യം ലഭിച്ചിട്ടുണ്ട്. ചാള,അയല തുടങ്ങിയ മല്‍സ്യത്തിന്റെ പകുതിയിലധികവും മംഗലാപുരത്തെ ഫിഷ് മില്‍ ഫാക്ടറിയിലേക്കാണ് കൊണ്ടുപോകുന്നത്. മല്‍സ്യം പൊടിക്കുന്നതിനായി ചെറുമല്‍സ്യം പിടിക്കുന്നവര്‍ക്ക് പിഴയിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it