Idukki local

മൂലമറ്റം പവര്‍ഹൗസിലെ ജനറേറ്ററുകളുടെ നവീകരണ ജോലികള്‍ നാളെ തുടങ്ങും



തൊടുപുഴ: ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ പ്രധാന ഉല്‍പാദനകേന്ദ്രമായ മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാംഘട്ട ജനറേറ്ററുകളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ 15ന് തുടങ്ങും. ഒന്നാംഘട്ടത്തിലെ മൂന്നു ജനറേറ്ററുകളുടെ പുനരുദ്ധാരണമാണ് ആരംഭിക്കുന്നത്. ഒരു ജനറേറ്ററിന് ഒരു വര്‍ഷം എന്ന കണക്കില്‍ മൂന്നു വര്‍ഷംകൊണ്ട് ഇവയുടെ പുനരുദ്ധാരണം നടത്തുന്ന രീതിയിലാണ് കെഎസ്ഇബി കരാര്‍ നല്‍കിയിരിക്കുന്നത്. ജിഇ പവര്‍ ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിക്കാണ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല. ഇതിനായി 43 കോടി രൂപയാണ് ചെലവിടുന്നത്. മൂന്നാംനമ്പര്‍ ജനറേറ്ററിന്റെ പുനരുദ്ധാരണമാണ് നാളെ തുടങ്ങുന്നത്. ജൂണില്‍ ആരംഭിച്ചു ഫെബ്രുവരിയില്‍ അവസാനിക്കുന്ന രീതിയിലാണ് മൂന്നു ജനറേറ്ററുകളുടെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മഴക്കാലത്തു പുനരുദ്ധാരണം നടത്തുന്നതിനാല്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാവില്ല. ഇത്തരത്തില്‍ മൂന്നു ജനറേറ്ററുകള്‍ മൂന്നുവര്‍ഷംകൊണ്ടു പുനരുദ്ധാരണം നടത്തും. 1976 ഫെബ്രുവരി 12നാണ് മൂലമറ്റം വൈദ്യുതിനിലയം കമ്മീഷന്‍ ചെയ്ത്. അന്ന് ഒന്നാംഘട്ടമായി മൂന്നു ജനറേറ്ററുകള്‍ സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം പുനരുദ്ധാരണം നടത്തുന്നതിനു ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും മഴ കുറവായതുമൂലം പുനരുദ്ധാരണം നീട്ടിവയ്ക്കുകയായിരുന്നു. തുടര്‍ന്നു അറ്റകുറ്റപ്പണികള്‍ നടത്തി. ഇതിനിടെ വയറിങ്, ലിഫ്റ്റ്, വാട്ടര്‍കണ്ടക്ടര്‍ അടക്കം ജോലികളും പൂര്‍ത്തിയാക്കി. ജനറേറ്ററും, ടര്‍ബെയിനും ഒഴികെ ബാക്കി ഭാഗങ്ങളുടെ പുനരുദ്ധാരണ ജോലികളാണ് ഇനി നടത്തുന്നത്്. നവീകരണത്തിനായി പുതിയ ഒരു ഡിവിഷന്‍ ഓഫിസിന്റെ പ്രവര്‍ത്തനം വൈദ്യുതി നിലയത്തോടു ചേര്‍ന്നു ആരംഭിച്ചു. ഒരു എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കീഴിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. രണ്ടാംഘട്ടമായി സ്ഥാപിച്ചതുള്‍പ്പടെ 130 മെഗാവാട്ട് ശേഷിയുള്ള ആറു ജനറേറ്ററുകളാണ് പവര്‍ഹൗസിലുള്ളത്. ഇതില്‍ ഒരു ജനറേറ്റര്‍ ഉല്‍പാദനം നിര്‍ത്തുന്നതോടെ വൈദ്യുതിയില്‍ 130 മെഗാവാട്ടിന്റെ കുറവ് സംസ്ഥാനത്തുണ്ടാവും. മഴക്കാലത്ത് ചെറിയ പദ്ധതികളില്‍ ജലമുള്ളതും പുറമെനിന്നു വൈദ്യുതി വിലയ്ക്കുവാങ്ങുകയും ചെയ്യുന്നതിനാല്‍ അവിടെ നടക്കുന്ന ജോലികള്‍ വൈദ്യുതിപ്രതിസന്ധി ഉണ്ടാക്കില്ല. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനം പവര്‍ഹൗസിന്റെ ഒന്നാംഘട്ടത്തിന്റെ ആയുസ്സിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതോടെയാണ് കൂടുതല്‍ തകരാറുകള്‍ സംഭവിക്കാറുള്ള മൂന്നാംനമ്പര്‍ ജനറേറ്ററിന്റെ പുനരുദ്ധാരണം ആദ്യം നടത്തുന്നതിനു തീരുമാനിച്ചത്.
Next Story

RELATED STORIES

Share it